സരിതയുടെ മൊഴി പുറത്തുവന്നിരുന്നെങ്കില്‍ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവെച്ചേനെ;സരിതയുടെ അമ്മ

saritha s nair copy2013 ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ക്കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തിലുള്ള ഇടപെടല്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. സരിത മജിസ്‌ട്രേറ്റിന് മുന്നില്‍ പറയാതിരുന്ന മൊഴി രേഖപ്പെടുത്തുകയായിരുന്നെങ്കില്‍ കേരളത്തിലെ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവെക്കേണ്ടി വരുമായിരുന്നെന്ന് സരിതയുടെ അമ്മ ഒരു ദൃശ്യമാധ്യമത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഈ മൊഴി നല്‍കാതിരിക്കാന്‍ യുഡിഎഫിലെ ഒരു ഉന്നതന്‍ ഇടപെട്ടുവെന്നും ഈ കേസില്‍ സരിത മൊഴി നല്‍കാതിരുന്നാല്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്ന് ഉറപ്പു തന്നതായും സരിതയുടെ അമ്മ വെളിപ്പെടുത്തി.

എന്നാല്‍ തങ്ങള്‍ സരിതയെ ജാമ്യത്തിലിറക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കവെ ചിലര്‍ ഇടപെട്ട് സരിതയെ ബോധപൂര്‍വ്വം ജയിലില്‍ തന്നെ കിടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ താന്‍ ഉദേശിക്കുന്നില്ലെന്നും ആവശ്യമായ സമയത്ത് താനത് പുറത്തു പറയുമെന്നും ഇവര്‍ പറഞ്ഞു.

മന്ത്രിമാരെയും വകുപ്പുകളും മാറ്റി സംസ്ഥാന സര്‍ക്കാര്‍ അതിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ പുറത്തുവന്ന ഈ വെളിപ്പെടുത്തല്‍ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.