ഐഷ പോറ്റി എംഎല്‍എക്കെതിരെ സരിത എസ് നായര്‍

saritha s nairപെരുമ്പാവൂര്‍ : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ കൊട്ടാരക്കര എംഎല്‍എ ഐഷ പോറ്റിക്കെതിരെ രംഗത്ത്. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയത് മൂടിവെക്കുമെങ്കില്‍ അന്നത്തെ സിറ്റിങ് എംഎല്‍എ ഐഷ പോറ്റി എംഎല്‍എയും ഒരു പോലീസ് ഓഫീസറും, ബിജു രാധാകൃഷ്ണനെ സഹായിച്ചു എന്നാണ് സരിത വെളിപ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യം തന്നോട് ബിജുവും അവരുടെ അമ്മയും പറഞ്ഞതായി സരിത പറഞ്ഞു. മാവേലിക്കരയില്‍ നിന്ന് അങ്കമാലിയിലേക്ക് പോകുന്ന വഴി പെരുമ്പാവൂരില്‍ വെച്ചാണ് സരിത മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ സരിത ഉന്നയിച്ച ആരോപണങ്ങള്‍ പച്ചകള്ളമാണെന്നും തനിക്ക് ഇവരുമായൊന്നും യാതൊരു ബന്ധവുമില്ലെന്ന് ഐഷ പോറ്റി എംഎല്‍എ പ്രതികരിച്ചു. ആരുടെയോ പ്രേരണ മൂലമാണ് സരിത ആരോപണം ഉന്നയിച്ചിരിക്കുന്നത്. അന്ന് സിറ്റിങ്ങ് എംഎല്‍എ ആയിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് അന്ന് സിറ്റിങ് എംഎല്‍എ. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന തന്നെ കേസുമായി ബന്ധപ്പെട്ട് പോലും ബിജു രാധാകൃഷ്ണന്‍ സമീപിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോളാണ് രശ്മി വധകേസിന്റെ കാര്യം താന്‍ അറിയുന്നതെന്നും ആരാണ് സരിതയെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ പറയിപ്പിക്കുന്നത് എന്ന് അനേ്വഷിക്കണമെന്നും ഐഷ പോറ്റി എംഎല്‍എ ആവശ്യപ്പെട്ടു.

ഒരു ന്യൂസ് ചാനലിനോട് പ്രതികരിക്കവെയാണ് ഐഷ പോറ്റി എംഎല്‍എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.