സന്തോഷ്‌ മാധവന്‍ ഭൂമിദാന കേസ്‌ ;കുഞ്ഞാലിക്കുട്ടിക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയും കേസെടുക്കാന്‍ കോടതി ഉത്തരവ്‌

Story dated:Saturday June 4th, 2016,02 54:pm

ADOOR-PRAKASHകൊച്ചി: സന്തോഷ് മാധവന് ഭൂമി നല്‍കിയ കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അനേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേയാണ് ഉത്തരവ്.

സന്തോഷ് മാധവന്‍ ഭൂമിദാനക്കേസില്‍ വിജിലന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് കോടതി തള്ളി. നേരത്തെ കേസിലെ ത്വരിത പരിശോധനയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ നീക്കങ്ങളുടെ കൂടുതല്‍ രേഖകള്‍ ത്വരിത പരിശോധന റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി പരാമര്‍ശിച്ചു. ഭൂമിയിടപാട് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി ഉള്‍പെടുത്താനുള്ള വ്യവസായ വകുപ്പിനുള്ള താല്‍പര്യം എന്താണെന്നും വിജിലന്‍സ് കോടതി ചോദിച്ചിരുന്നു.റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടന്നത്.

എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127.85 ഏക്കര്‍ മിച്ച ഭൂമിയാണ് സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആര്‍എംഇസെഡ് എക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രെെവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കൃഷി പ്രോപ്പര്‍ട്ടി ഡവലപ്മെന്റ് പ്രെെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നികത്താന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ഭൂമി പതിച്ചു നല്‍കിയത്.

വിജിലൻസ് നൽകിയ റിപ്പോർട്ടിൽ വ്യവസായ മന്ത്രിയാണ് വിഷയം മന്ത്രിസഭയിൽ ഔട്ട് ഒഫ് അജണ്ടയായി അവതരിപ്പിച്ചതെന്നും വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഐടി, വ്യവസായ വകുപ്പുകൾക്കും വ്യവസായ മന്ത്രിക്കും ഈ വിഷയത്തിൽ എന്താണ് പങ്കെന്ന് വിശദീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ചാണ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ഐടി പ്രിൻസിപ്പൽ സെക്രട്ടറി പിഎച്ച് കുര്യൻ, മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി പി വിജയകുമാരൻ എന്നിവരുടെ മൊഴിയെടുത്തു പരിശോധിച്ച് വിജിലൻസ് അനുബന്ധ റിപ്പോർട്ട് നൽകിയത്. എന്നാലിത് കോടതി തള്ളുകയായിരുന്നു.