സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

salman-khan-pics-8മുംബൈ: വാഹനാപകടക്കേസില്‍ സിനിമാ താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് പതിമൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ വിധി പറഞ്ഞത്. സല്‍മാന് ജാമ്യം ഉടന്‍ ലഭിക്കാന്‍ സാധ്യതയില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കണം. സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. െ്രെഡവറല്ല കാര്‍ ഓടിച്ചതെന്നും സല്‍മാന്‍ തന്നെയാണെന്നും വാഹനമോടിച്ചത് മദ്യപിച്ചശേഷമെന്നും കോടതി നിരീക്ഷിച്ചു. തല കുമ്പിട്ടുനിന്നാണ് സല്‍മാന്‍ വിധിപ്രസ്താവം കേട്ടത്.

എന്തെങ്കിലും പറയാനുണ്ടോ എന്ന് സല്‍മാനോട് ജഡ്ജി ചോദിച്ചപ്പോള്‍ താങ്കളാണ് ന്യായാധിപന്‍, എന്തുപറഞ്ഞാലും അംഗീകരിക്കുമെന്നായിരുന്നു സല്‍മാന്റെ മറുപടി. സല്‍മാന്‍ ഖാന് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കരുതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക നല്‍കാമെന്നും ഇതുവരെ 19 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും സല്‍മാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

2002 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷം സല്‍മാന്‍ഖാന്‍ ഓടിച്ചിരുന്ന കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്‍പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേല്‍ഇടിച്ചുകയറിയെന്നാണ് കേസ്. ഒരാള്‍ കൊല്ലപ്പെടുകകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.