സലിം രാജും ഭാര്യയും ഭൂമി തട്ടിപ്പ് കേസില്‍ പ്രതികള്‍

Gunman-saleem rajതിരു: ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് പ്രതിയല്ലെന്ന റിപ്പോര്‍ട്ട് തെറ്റ്. ഇന്നലെയാണ് ഈ വാര്‍ത്ത വന്നത്. സിബിഐ അനേ്വഷിക്കുന്ന കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മാത്രമാണ് സലീം രാജിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സലീം രാജിന്റെ പേരില്ല.

കടകംപള്ളി കേസില്‍ സലീം രാജ് 21 ാം പ്രതിയാണ്. സലീം രാജിന്റെ ഭാര്യ ഷംസാദ് ഈ കേസില്‍ 22ാം പ്രതിയായും എഫ്‌ഐആറിലുണ്ട്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസിലെ ഉദേ്യാഗസ്ഥയായ ഷംസാദിന്റെ സഹായത്തോടെയാണ് ഭൂമി രേഖകളില്‍ തിരിമറി നടത്തിയതെന്നാണ് ആരോപണം.

ഈ കേസില്‍ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. കടകംപള്ളി കേസില്‍ ആകെ 27 പ്രതികളാണ് ഉള്ളത്. പ്രതികള്‍ക്ക് ഉന്നതരാഷ്ട്രീയ ബന്ധമുണ്ടെന്ന് സിബിഐ എഫ്‌ഐആറില്‍ ചൂണ്ടികാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന നിലയിലുള്ള ബന്ധവും തട്ടിപ്പ് നടത്തുന്നതിന് സലീംരാജ് ഉപയോഗപ്പെടുത്തിയതായി സിബിഐ ആരോപിക്കുന്നുണ്ട്. വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.