സലീം രാജ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്യാങ് ലീഡര്‍

മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Gunman-saleem rajകൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജുള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അനേ്വഷണത്തിന് ഉത്തരവിട്ട വിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ ഗുരുതര പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് മാഫിയ ഗ്യാങ് ലീഡറാണ് സലീം രാജെന്ന പരാതിക്കാരന്റെ പരാമര്‍ശം ശരിവെച്ച കോടതി, ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. ആരോപണങ്ങളില്‍ ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്രത്തോളം രൂക്ഷമായ പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നിട്ടില്ല.

സംസ്ഥാന വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അനേ്വഷണം തൃപ്തികരമല്ലെന്നും കേസിലെ ഉന്നതതല ഗൂഡാലോചനയും, തെളിവ് നശിപ്പിക്കലും വ്യക്തമാണെന്നും നിരീക്ഷിച്ച കോടതി സലീം രാജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തി.

ഇതിനിടെ മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ലവലേശം നാണമില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ സംരംക്ഷിക്കാന്‍ മുതിര്‍ന്നില്ല. സിബിഐ അനേ്വഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളില്‍ അദ്ദേഹം തന്നെ മറുപടി പറയുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി. ഈ കേസില്‍ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.