പാകിസ്താനെപ്പോലെയല്ല ദക്ഷിണാഫ്രിക്കയെന്ന് സച്ചിന്‍

Sachin_Tendulkarസിഡ്‌നി: പാകിസ്താനെ തോല്‍പിക്കുന്നത് പോലെ എളുപ്പമല്ല ദക്ഷിണാഫ്രിക്കയെ നേരിടുന്നതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനാണ് സച്ചിന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാകിസ്താനെ തോല്‍പിച്ച ആത്മവിശ്വാസമൊക്കെ നല്ലത് തന്നെ എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല – ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ പറഞ്ഞു.

പാകിസ്താനെക്കാള്‍ വളരെ വളരെ നല്ല ടീമാണ് ദക്ഷിണാഫ്രിക്ക എന്നാണ് സച്ചിന്റെ നിരീക്ഷണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംഗിളുകള്‍ എടുക്കുന്നത് അത്ര എളുപ്പമാകില്ല. ഫീല്‍ഡിംഗില്‍ അവര്‍ പാകിസ്താനെക്കാള്‍ എത്രയോ മിടുക്കന്മാരാണ്. പക്ഷേ നല്ല ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പും വിക്കറ്റിനിടയില്‍ മികച്ച ഓട്ടവുമുണ്ടെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധ്യതയുണ്ടെന്നും സച്ചിന്‍ പറയുന്നു.

ഡെയ്ല്‍ സ്റ്റെയ്‌നെയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് എന്നാണ് സച്ചിന്റെ അഭിപ്രായം. സ്റ്റെയ്‌നാണ് അവരുടെ സ്‌ട്രൈക്ക് ബൗളര്‍. കരുതിക്കൂട്ടിയുള്ള ഷോട്ടുകള്‍ സ്‌റ്റെയ്‌നെതിരെ കളിക്കാന്‍ പറ്റില്ല. ലോകത്തെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റെയ്ന്‍.

ഇന്ത്യക്ക് ലോകകപ്പ് കിട്ടാന്‍ നല്ല സാധ്യതയുണ്ട്. ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും നിലവാരത്തിലാണ് ഇന്ത്യ. കപ്പ് ജയിക്കണമെങ്കില്‍ കൂട്ടായ പ്രയത്‌നം വേണം. ഒന്നോ രണ്ടോ കളിക്കാര്‍ നല്ല രീതിയില്‍ കളിച്ചതുകൊണ്ടായില്ല. ടീം വര്‍ക്കുണ്ടെങ്കില്‍ കളി ജയിക്കാം. രോഹിത് ശര്‍മ അടുത്ത മത്സരത്തില്‍ ഫോമിലെത്തുമെന്നും സച്ചിന്‍ വിശ്വാസം പ്രകടിപ്പിച്ചു.