കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളും സച്ചിന്‍ സ്വന്തമാക്കി

Sachin-Tendulkar-20710145-1-402സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളും സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ 40 ശതമാനമായിരുന്നു സച്ചിന്റെ ഓഹരി. ടീമിന്റെ 60 ശതമാനം ഓഹരികളും സ്വന്തമായുണ്ടായിരുന്ന പി വി പി വെഞ്ചേവ്‌സില്‍ നിന്നാണ്‌ സച്ചിന്‍ 20 ശതമാനം ഓഹരികളും കൂടി വാങ്ങിയത്‌. സാമ്പത്തിക ഇടപാട്‌ സംബന്ധിച്ച കൃത്യമായ വിവരം പുറത്തു വിട്ടിട്ടില്ലെങ്കിലും 75 കോടി മുതല്‍ 85 കോടി രൂപ വരെയാണ്‌ സച്ചിന്‌ സ്വന്തമായുള്ള ഓഹരികളുടെ മൂല്യമെന്ന്‌ എക്കണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 180 കോടി മുതല്‍ 200 കോടി രൂപ വരയൊണ്‌ കൊച്ചി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ആകെ മൂല്യം.

പ്രമുഖ മലയാളി ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പും 20 ശതമാനം ഓഹരികള്‍ പിവിപിയില്‍ നിന്നും സ്വന്തമാക്കി. ഹൈദരാബാദ്‌ ആസ്ഥാനമായുള്ള പിവിപി ഗ്രൂപ്പ്‌ ശേഷിക്കുന്ന 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഭാഗത്ത്‌ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ ആദ്യം ആരംഭിച്ച ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിക്ക്‌ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ്‌ പുറത്ത്‌ വന്നത്‌. ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഉടമസ്ഥനായ സച്ചിന്‍ മാറുന്നതോടെ ക്ലബ്ബിന്റെ വാണിജ്യം മൂല്യം കുതിച്ചുയരുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ കണക്കു കൂട്ടല്‍.