ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്

Sachin-Tendulkar1മുംബൈ : പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്. ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസ് തുടങ്ങിയവരെ പിന്തള്ളിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നാമതെത്തിയത്.

1993 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കളിച്ചിട്ടുള്ള താരങ്ങളെയാണ് തലമുറയിലെ ക്രിക്കറ്റ് പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുളളത്. ക്രിക്ക് ഇന്‍ ഫോ വെബ്‌സൈറ്റിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ ക്രിക്കറ്റര്‍മാരായ ജെഫ് ബോയ്‌കോട്ട്, മാര്‍ക്ക് ബുച്ചര്‍, ഇയാന്‍ ചാപ്പല്‍, വിവിഎസ് ലക്ഷ്മണ്‍, ഡാലിന്‍ കള്ളിനന്‍, ജഫ്ഡൂ ജോണ്‍, മഹേലജയവര്‍ദ്ദനേ തുടങ്ങിയ ക്രിക്കറ്റര്‍മാര്‍ക്കും രാമചന്ദ്രഗുഹ, സംബിത്ത് ബാല്‍, മൈക്ക് കൊവാര്‍ഡ് തുടങ്ങിയ ക്രിക്കറ്റ് എഴുത്തുകാരും ഉള്‍പ്പെട്ട 50 അംഗ ജൂറിയാണ് ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷനായി സച്ചിനെ തിരഞ്ഞെടുത്തത്.

പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സന്തോഷം പങ്കുവെക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.