ശബരീനാഥ് എംഎല്‍എയും സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ്.അയ്യരും വിവാഹിതരായി. തക്കല ശ്രീകുമാരസ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30 നായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങില്‍ രാഷ്ട്രീയ രംഗത്തു നിന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കെ സി ജോസഫ്, ആന്റോ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോ.എം.ടി സുലേഖയുടെയും മുന്‍ നിയമസഭ സ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്‍റെയും മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ പി.എസ് ശേഷഅയ്യരുടെയും ഭഗവതി അമ്മാളിന്‍റെയും മകളാണ് ദിവ്യ.

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് ഇന്ന് വൈകുന്നേരം വിവാഹ സല്‍ക്കാരം നടക്കും. ജൂലൈ രണ്ട് ഞായറാഴ്ച വൈകീട്ട് നാലുമണിമുതല്‍ ആര്യനാട് ഓഡിറ്റോറിയത്തില്‍ വെച്ചാണ് അരുവിക്കരയില്‍ വിവാഹ സത്കാരം ഒരുക്കിയിരിക്കുന്നത്.