Section

malabari-logo-mobile

റുമൈല പാര്‍ക്ക് അടച്ചിടുന്നു

HIGHLIGHTS : ദോഹ: രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ റുമൈല പാര്‍ക്ക് നാളെ മുതല്‍ അടച്ചിടുന്നു.

Best Travelദോഹ: രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ റുമൈല പാര്‍ക്ക് നാളെ മുതല്‍ അടച്ചിടുന്നു. നവീകരണത്തിനും ദോഹ ഗ്രാന്‍ഡ് പാര്‍ക്ക് പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്റേയും ഭാഗമായാണ് താത്ക്കാലികമായി റുമൈല പാര്‍ക്ക് അടച്ചിടുന്നത്.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ റുമൈല ഗാര്‍ഡന്‍ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രാലയമാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എപ്പോഴാണ് തുറക്കുകയെന്നോ  നവീകരണം എപ്പോഴാണ് പൂര്‍ത്തിയാവുകയെന്നോ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടില്ല. ദോഹയിലെ പ്രധാനപ്പെട്ട പിക്‌നിക് കേന്ദ്രമാണ് റുമൈല പാര്‍ക്ക്.  കുട്ടികള്‍ക്ക് കളിസ്ഥലം, നിരവധി ചെറിയ ഷോപ്പുകള്‍, കള്‍ച്ചറല്‍ വില്ലേജ് എന്നറിയപ്പെടുന്ന പൈതൃക പ്രദേശം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് റുമൈല ഗാര്‍ഡന്‍.
അല്‍ബിദ പാര്‍ക്ക് എന്ന പേരിലും റുമൈല പാര്‍ക്ക് അറിയപ്പെടുന്നുണ്ട്. രാത്രി ഏറെ വൈകുവോളം സമയം ചെലവഴിക്കാനാവുന്ന പാര്‍ക്കില്‍ കുട്ടികള്‍ക്ക് പ്രത്യേക വിനോദ കേന്ദ്രങ്ങള്‍, കഫ്റ്റീരിയ, ചെറിയ തടാകം എന്നിവയും മികച്ച രൂപത്തില്‍ സജ്ജീകരിച്ച പുല്‍ത്തകിടിയുമുണ്ട്. അറബ് സാംസ്‌കാരിക പാരമ്പര്യ കലാ പരിപാടികള്‍ക്ക് ശ്രദ്ധേയമാണ് ഇവിടം.  ദോഹ നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് റുമൈല പാര്‍ക്ക് നവീകരിക്കുന്നത്. ദോഹ ഗ്രാന്‍ഡ് പാര്‍ക്ക് പദ്ധതിയില്‍ റുമൈല പാര്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക്, ലണ്ടനിലെ ഹൈഡ് പാര്‍ക്ക് എന്നിവയുടെ മാതൃകയില്‍ നഗരവത്കൃത ഹരിതപ്രദേശം രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് മുതല്‍ അല്‍ റയ്യാന്‍ റോഡുവരെയുള്ള പ്രദേശം വികസിപ്പിക്കും.
ദോഹ ഗ്രാന്‍ഡ് പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഡിസൈനില്‍ മാറ്റം വരുത്തി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദോഹ ഗ്രാന്‍ഡ് പാര്‍ക്ക് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന്റെ വീഡിയോ മുനിസിപ്പാലിറ്റി നഗരാസൂത്രണ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പ്രകാരം പദ്ധതിയില്‍ മ്യൂസിയം,  വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സൗകര്യം,  ആംഫി തിയേറ്റര്‍, കഫേകള്‍, റസ്റ്റോറന്റുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, മൗണ്ടെയ്ന്‍ ബൈക്ക് ട്രാക്ക്,  സൈക്കിള്‍ സവാരിക്കുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുതിര, ഒട്ടക സവാരികള്‍ക്കായി പ്രത്യേക സ്ഥലസൗകര്യം ഒരുക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലും കള്‍ച്ചറല്‍ വില്ലേജും പദ്ധതിയിലുള്‍പ്പെടും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!