Section

malabari-logo-mobile

76 ലക്ഷം കുട്ടികള്‍ക്ക് മീസില്‍സ്-റൂബെല്ലാ വാക്‌സിന്‍ നല്‍കും:  ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

HIGHLIGHTS : തിരുവനന്തപുരം:സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നു മുതല്‍ നവംബര്‍ മൂന്നു വരെ  മീസില്‍സ്-റൂബെല്ലാ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ നടത്തുമെന്നും 76 ലക്ഷം കുട്ടികള്...

തിരുവനന്തപുരം:സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നു മുതല്‍ നവംബര്‍ മൂന്നു വരെ  മീസില്‍സ്-റൂബെല്ലാ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ നടത്തുമെന്നും 76 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജടീച്ചര്‍ പറഞ്ഞു. മീസില്‍സ്-റൂബെല്ലാ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം കുഞ്ഞുങ്ങളാണ് അഞ്ചാംപനി അഥവാ മീസില്‍സ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ മരണ നിരക്ക് താരതമ്യേന വളരെ കുറവാണെങ്കിലും ഒരു കുഞ്ഞുപോലും രോഗം ബാധിച്ച് മരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. ന്യൂമോണിയ, വയറിളക്കം എന്നിവ കൂടാതെ എന്‍സഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം), അന്ധത എന്നിവയും മീസില്‍സ് ബാധിതരായ കുട്ടികളില്‍ കണ്ടുവരുന്നു. കുട്ടികളില്‍  കാറ്ററാക്ട്, ഹൃദയവൈകല്യം, ബധിരത, തലച്ചോര്‍ വലിപ്പക്കുറവ്, തുടങ്ങിയ മാരക സ്ഥിതിവിശേഷങ്ങളുണ്ടാക്കുന്ന രോഗാവസ്ഥയാണ് റൂബെല്ല. ആയിരത്തില്‍ ഒരാള്‍ എന്ന കണക്കിലാണ് സംസ്ഥാനത്ത് റൂബെല്ലാ രോഗബാധിതരായ കുട്ടികളുടെ എണ്ണം. വായുവിലൂടെ പകരുന്ന ഈ രോഗങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രതിരോധകുത്തിവയ്പ് മാത്രമേ പ്രതിവിധിയുള്ളൂവെന്നും രോഗപ്രതിരോധ കുത്തിവയ്പിനെതിരെ അസത്യപ്രചാരണം നടത്തുന്നവര്‍ ആരോഗ്യത്തോടെയിരിക്കാനുള്ള കുട്ടികളുടെ അവകാശത്തിനെതിരെയാണു പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹ്യ-പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളിലും വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നത്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അംഗന്‍വാടി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരിക്കും വാക്‌സിനേഷന്‍. ഒമ്പതുമാസം മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായവര്‍ വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും ഇതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഒരേസമയം രോഗപ്രതിരോധം നല്‍കാനാണ് ഒറ്റത്തവണയായി വാക്‌സിന്‍ നല്‍കുന്നത്.
ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നിവയുടെ നിര്‍ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാണ് രോഗപ്രതിരോധ യജ്ഞം നടത്തുന്നത്. ആരോഗ്യ വകുപ്പ്, ദേശീയവകുപ്പ്, തദ്ദേശ സ്വയംഭരണം, ജില്ലാ ഭരണകൂടം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ഐഎംഎ, ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് തുടങ്ങിയ സന്നദ്ധ സംഘടനകള്‍ വാക്‌സിനേഷന്‍ പദ്ധതി നടത്തിപ്പില്‍ സഹകരിക്കും.
20,000ഓളം സ്‌കൂളുകളിലും 35,000ഓളം അംഗന്‍വാടികളിലും 1300ഓളം സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും 74,000ഓളം ക്യാംപ് സെഷനുകള്‍ സംഘടിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അംഗന്‍വാടി- ആശാ പ്രവര്‍ത്തകര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കിക്കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ദേശീയാരോഗ്യ മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!