വിസ നിയന്ത്രണത്തില്‍ മാറ്റമില്ല: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി കൂടതല്‍ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ശ്രമമെന്നും  ഏഴു മുസ്ളിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൌരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണത്തില്‍ മാറ്റമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പ്രാഗല്‍ഭ്യം കുറഞ്ഞ തൊഴിലാളികളില്‍ നടപ്പിലാക്കുന്ന വീസ നിയന്ത്രണം പിന്നീട് മെറിറ്റ് അടിസ്ഥാനമാക്കിയാകും. കൂടുതല്‍ ശക്തമായ വീസ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതോടെ വേതന വര്‍ധനവ് അടക്കം നടപ്പിലാക്കും. ഒബാമകെയര്‍ പരാജയമായിരുന്നു. കൂടുതല്‍ നല്ല ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.

ഇസ്ളാമിക് ഭീകരവാദത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കും. ഐഎസ് തീവ്രവാദികളെ ഉന്‍മൂലനം ചെയ്യാന്‍ അമേരിക്ക പുതിയ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സഖ്യകക്ഷികളുടെ സഹായത്തോടെ ഐഎസിനെ ഇല്ലാതാക്കും. മുസ്ളിം രാഷ്ട്രങ്ങളുടെ അടക്കം സഹായം ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മെക്സിക്കന്‍ വാള്‍ നിര്‍മാണം പുനരാരംഭിക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചു.

അമേരിക്കയിലെത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. സ്വന്തം പൌരന്‍മാര്‍ക്ക് അമേരിക്ക പ്രഥമ പരിഗണന നല്‍കണം. അങ്ങനെയെങ്കില്‍ മാത്രമേ അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ സാധിക്കൂവെന്നും  അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ആദ്യ സംയുക്ത സമ്മേളനത്തില്‍ പങ്കെടുത്ത് ട്രംപ് പറഞ്ഞു.

കന്‍സാസ് വെടിവയ്പ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതിനെ ട്രംപ് അപലപിച്ചു. . വംശീയ വിദ്വേഷത്തെ അമേരിക്ക ഒരു തരത്തിലും അംഗീകരിക്കുന്നില്ല.