വെന്നിയൂര്‍ ജങ്ഷന്‍ നവീകരിക്കാന്‍ 7.2 കോടിയുടെ പദ്ധതി.

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂര്‍ ജങ്ഷന്‍ വീതി കൂട്ടി നവീകരിക്കുന്നതിനായി 7.20 കോടിയൂടെ എസ്റ്റിമെറ്റ് സമര്‍പ്പിച്ചു. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എഞ്ചിനീയര്‍ പി.കെ. ധന്യയാണ് എസ്റ്റിമെറ്റ് തയ്യാറാക്കി സമര്‍പ്പിച്ചത്. വെന്നിയൂര്‍ ജങ്ഷനോട് ചേര്‍ന്നുള്ള താനൂര്‍-വെന്നിയൂര്‍പറമ്പ് റോഡ് 200 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ വീതിയിലും നവീകരിക്കാനാണ് പദ്ധതി. റോഡ് വീതികൂട്ടുന്നതിനായി ഇരു വശത്തുനിന്നും മൊത്തം 35 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥലം ലഭ്യമായാല്‍ റോഡ് നവീകരണ പ്രവൃത്തി തുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു. നിലവില്‍ വെന്നീയൂര്‍ ജങ്ഷനിലെ താനൂര്‍-വെന്നിയൂര്‍ റോഡിന് നാല് മീറ്റര്‍ വീതിയേ ഉള്ളു. ഇത്കാരണം ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് നവീകരിക്കാന്‍ സ്ഥലം എം.എല്‍.എ. യായ മന്ത്രി പി.കെ. അബ്ദുറബ്, മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ താല്‍പര്യപ്രകാരമാണ് 7.20 കോടി രൂപ ചെലവില്‍ ജങ്ഷന്‍ നവീകരിക്കാന്‍ തീരുമാനിച്ചത്. വെന്നിയൂര്‍ ജങ്ഷന്‍ വീതി കൂട്ടണമെന്ന ആവശ്യം തിരൂരങ്ങാടി താലൂക്ക് സഭയിലും നിരവധി തവണ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. വാഹനപ്പെരുപ്പവും കച്ചവട സ്ഥാപനങ്ങളും കാരണം വീര്‍പ്പുമുട്ടുന്ന വെന്നിയൂര്‍ ജംഗ്ഷന്‍ നവീകരിക്കുന്നതോടുകൂടി ഏറെക്കാലമായുള്ള ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകും.