റോഡരികില്‍ മീന്‍ വില്‍ക്കാന്‍ പാടില്ല

കൊച്ചി : റോഡരികില്‍ മീന്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. റോഡരികില്‍ മീന്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് പോലീസിനും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്കും ഡിവിഷന്‍ ബഞ്ച് നിര്‍ദേശവും നല്‍കി.

തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ മല്‍സ്യവില്‍പ്പന പാടുള്ളൂവെന്നും അനധികൃതമായി മീന്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരായ എസ് സി രിജഗനും കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകരാത്തോടെയല്ലാതെ മല്‍സ്യ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനും തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

തളിക്കുളം സെന്ററില്‍ റോഡരികില്‍ മീന്‍ വില്‍ക്കുന്നത് പോലീസ് തടയുന്നുവെന്നും ത്രാസും മറ്റും പിടിച്ചെടുത്തെന്നും പരാതിപ്പെട്ട് മല്‍സ്യവില്‍പ്പനക്കാരനായ സത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.