റിയാദില്‍ ട്രെയിലറില്‍ പിക്കപ്പിടിച്ച്‌ കത്തി മലയാളി ഡ്രൈവറടക്കം രണ്ട്‌ മരണം

Untitled-1 copyറിയാദ്‌: ട്രെയിലറില്‍ പിക്കപ്പിടിച്ച്‌ മലയാളി ഡ്രൈവറടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചെറുകുന്ന്‌ വലിയ വളപ്പില്‍ നാരായണന്‍ എന്ന സതീശന്‍(51) ആണ്‌ മരിച്ചത്‌. ട്രെയിലര്‍ ഡ്രൈവറായ ഇദേഹം നാട്ടിലേക്ക്‌ പോകുന്നതിനായി അല്‍ഖര്‍ജില്‍ നിന്ന്‌ ദമാമ്മിലേക്ക്‌ പോകുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. ദമ്മാമിലുള്ള സഹോദരനെയും സുഹൃത്തിനെയും കണ്ട്‌ നാട്ടിലേക്ക്‌ മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്‌. സുഹൃത്തായ ഷാജിയുടെ കൂടെ ട്രൈലറിലാണ്‌ യാത്ര പുറപ്പെട്ടത്‌.

തിങ്കളാഴ്‌ച രാത്രി 10 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രെയിലറില്‍ എതിരെ വന്ന പിക്കപ്പ്‌ ഇടിക്കുകയായിരുന്നു. മറ്റൊരു ട്രെയിലറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ പിക്കപ്പ്‌ നിയന്ത്രണം വിട്ടത്‌. ഇടിയുടെ ആഘാതത്തില്‍ ട്രെയിലറിനകത്തേക്ക്‌ കയറിയ പിക്കപ്പിന്‌ ഉടന്‍ തീപിടിക്കുകയായിരുന്നു. രണ്ടുവാഹനങ്ങളും കത്തിയതിനെ തുടര്‍ന്ന്‌ ഡ്രൈവര്‍ സീറ്റിലിരുന്ന ഷാജി ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിക്കപ്പ്‌ ഓടിച്ചിരുന്ന ഇത്യോപ്യക്കാരനു നാരായണനും വെന്തു മരിച്ചു. അപകടത്തില്‍ നിന്ന്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട ഷാജിയെ 70 ശതമാനം പൊള്ളലോടെ റിയാദ്‌ ശിഫയിലെ ഇബ്‌നു അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

നാരായണന്‍ 25 വര്‍ഷമായി അല്‍ഖര്‍ജില്‍ ട്രെയിലര്‍ ഡ്രൈവറാണ്‌. അങ്കണവാടി അധ്യാപികയായ ഉഷയാണ്‌ ഭാര്യ. അമ്മ ; നാരായണി. മക്കള്‍: സുമേഷ്‌(ബിഎസ്‌എഫ്‌ ജവാന്‍), ഷിധിന്‍, സ്വാതി. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.