എക്കല്‍ നീക്കല്‍ നടപടികള്‍ക്ക് തുടക്കം ഇനി ചുള്ളിയാര്‍ നിറയും

ചുള്ളിയാര്‍ റിസര്‍വോയറിലെ എക്കല്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്ക് തുടക്കമായി. ഇതിനു മുന്നോടിയായുള്ള സാമ്പിള്‍ ശേഖരണം ആരംഭിച്ചു. എക്കല്‍ നീക്കം ചെയ്യുന്നതോടെ റിസര്‍വോയറിന്റെ സംഭരണശേഷി പുനസ്ഥാപിക്കാനാവും. ചുള്ളിയാറിലെ സാമ്പിള്‍ ശേഖരണം ഒരു മാസത്തില്‍ പൂര്‍ത്തിയാക്കും. ഇതോടൊപ്പം മംഗലം ഡാമിലെ എക്കല്‍ നീക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.
ജലസേചന വകുപ്പിന് കീഴിലുള്ള കേരള എന്‍ജിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഏജന്‍സിയായ നെസ് ആണ് പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. ചുള്ളിയാറില്‍ അഞ്ച് ലക്ഷം ഘനമീറ്ററും മംഗലത്ത് 56 ലക്ഷം ഘനമീറ്ററും എക്കല്‍ അടിഞ്ഞിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇരു റിസര്‍വോയറുകളിലെയും സാമ്പിള്‍ ശേഖരണത്തിനും അനുബന്ധ പഠനങ്ങള്‍ക്കുമായി 1.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു റിസര്‍വോയറുകളില്‍ നിന്നുമായി 25 ലക്ഷം ഘനമീറ്റര്‍ മണല്‍ ലഭിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനം നേരിടുന്ന മണല്‍ക്ഷാമത്തിന് ആശ്വാസം പകരാന്‍ ഈ നടപടിയിലൂടെ സാധിക്കും. കെ.ഇ.ആര്‍.ഐ സാമ്പിള്‍ ശേഖരിച്ച് പീച്ചിയിലെ പരീക്ഷണശാലയിലെത്തിച്ച് മണല്‍, ചെളി എന്നിവയുടെ അനുപാതം തിട്ടപ്പെടുത്തും.