മിലിട്ടറി ക്വാട്ടയായി ലഭിക്കുന്ന മദ്യം പുറത്തുവിറ്റാല്‍ വിമുക്തഭടന്‍മാര്‍പെടും

Story dated:Sunday June 19th, 2016,12 57:pm

rishiraj singhതിരുവനന്തപുരം:മലിട്ടറി ക്വാട്ടയായി ലഭിക്കുന്ന മദ്യം പുറത്തുവിറ്റാല്‍ വിമുക്തമഭടന്‍മാര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്ന്‌ എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിങ്‌. വിമുക്തഭടന്‍മാര്‍ക്ക്‌ ലഭിക്കുന്ന മിലിട്ടറി ക്വാട്ട പുറത്തു വില്‍പ്പന നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തക്കാരുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. ഹരിപ്പാട്‌ അമൃത വിദ്യാലയത്തിലെ കുട്ടികളുമായുള്ള സംവാദത്തിനിടയിലാണ്‌ കമ്മീഷണര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

നാട്ടിന്‍പുറങ്ങളില്‍ ഇരുപത്തിനാല്‌ മണിക്കൂറും മദ്യം ലഭിക്കുന്ന ഈ നടപടി തെറ്റെല്ലേ എന്ന കുട്ടിയുടെ ചോദ്യത്തിന്‌ കൈയ്യടിയോടെയാണ്‌ കമ്മീഷണര്‍ മറുപടി പറയാന്‍ തുടങ്ങിയത്‌. വിമുക്തഭടന്‍മാരില്‍ ചിലര്‍ സര്‍വ്വീസ്‌ ക്വാട്ടയായി കിട്ടുന്ന മദ്യം കച്ചവടം ചെയ്യുന്നത്‌ നിര്‍ത്തിക്കുമോ എന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യം. രാജ്യം കാക്കാന്‍ ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം ജോലിചെയ്യുന്ന ജവാന്‍മാര്‍ക്ക്‌ മദ്യം കൊടുത്തോട്ടെ. അവര്‍ കഴിക്കട്ടെ എന്നാല്‍ വില്‍ക്കാന്‍ പാടില്ല. ഇത്തരം കച്ചവടക്കാര്‍ ധാരാളമുണ്ടെന്നും സര്‍വ്വീസ്‌ ക്വാട്ടയില്‍ മദ്യം വില്‍ക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഋിഷിരാജ്‌ സിങ്‌ മറുപടി പറഞ്ഞു. വ്യക്തമായ തെളിവോടെ ഇത്തരക്കാരെ കുറിച്ച്‌ വിവരം തനിക്കോ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ക്കോ നല്‍കിയാല്‍ ഇവരെ കയ്യോടെ പിടികൂടുമെന്ന്‌ ഋഷിരാജ്‌ സിങ്‌ ഉറപ്പു നല്‍കി.