ബംഗ്ലാദേശ് ഭീകരാക്രമണം;അഞ്ച് ഭീകരരെ വധിച്ചു 13 ബന്ദികളെ രക്ഷപെടുത്തി

restaurant-attack-Bangladeshധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ റെസ്റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ ബന്ദികളാക്കിയവരില്‍ 13 പേരെ പൊലീസ് രക്ഷപെടുത്തി. അഞ്ച് ഭീകരരെ പൊലീസ് വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്. രണ്ട് പേര്‍ രക്ഷപെട്ടതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ആളുകളെ ഇപ്പോഴും ബന്ദികളാക്കി വെച്ചിരിക്കുകയാണ്. റെസ്‌റ്റോറന്റിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്ക് നല്‍കാന്‍ പൊലീസിന് സാധിക്കുന്നില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

റെസ്‌റ്റോറന്റിനകത്ത് രണ്ട് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ഇറ്റലി, ജപ്പാന്‍ സ്വദേശികളാണ് ബന്ദികളാക്കപ്പെട്ടവരില്‍ ഏറെയും.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.30 ഓടെയാണ് ധാക്കയിലെ പ്രശസ്തമായ ഹോളി ആര്‍ട്ടിസാന്റിന് നേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയത്.