തിരഞ്ഞെടുപ്പല്ല! പരപ്പനങ്ങാടിയില്‍ മുഖ്യ ചര്‍ച്ചാവിഷയം ‘രാജി’ രാഷ്ട്രീയം

പരപ്പനങ്ങാടി : വികസന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പിറകിലാക്കി പരപ്പനങ്ങാടിയില്‍ ‘രാജി’ രാഷ്ട്രീയം കൊഴുക്കുന്നു.

പിണറായി വിജയന്‍ നയിച്ച കേരള രക്ഷാ മാര്‍ച്ചിന് തിരൂരങ്ങാടി മണ്ഡലം സിപിഎം കമ്മറ്റി പരപ്പനങ്ങാടിയില്‍ നല്‍കിയ സ്വീകരണ വേദിയില്‍ അദ്ധ്യക്ഷനായി മണ്ഡലം കോണ്‍ഗ്രസ്സിന്റെ മുന്‍ സെക്രട്ടറി കെ അബ്ദുറഹീം നഹ എത്തിയതോടെയാണ് രാജി രാഷ്ട്രീയം മേല്‍കൈ നേടിയിത്. തിരൂരങ്ങാടി ഏരിയയിലെ ഏറെ പാരമ്പര്യമുള്ള നേതാക്കളെയെല്ലാം മാറ്റി നിറുത്തു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടെത്തിയ അബ്ദുറഹീം നഹ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പങ്കെടുത്ത വേദി നിയന്ത്രിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടെങ്കിലും തീരദേശത്തെ 37 യുവാക്കളെ ലീഗില്‍ നിന്നും സിപിഎമ്മിലേക്ക് വരവേറ്റ് രാജി രാഷ്ട്രീയത്തെ സിപിഎം വീണ്ടും ആഘോഷമായി മാറ്റി. വമ്പന്‍ സ്വീകരണമാണ് ലീഗ് വിട്ടെത്തിയവര്‍ക്ക് ചാപ്പപടി കടപ്പുറത്ത് സിപിഎം നല്‍കിയത്.

അതെസമയം രാജിയുടെ ക്ഷീണം തീര്‍ക്കാന്‍ ലീഗ് നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെയാണ് അമ്പരപ്പിച്ചത്. കോണ്‍ഗ്രസ്സ് മണ്ഡലം മുന്‍ ട്രഷററും വ്യവസാവ പ്രമുഖന്‍ നിയാസ് പുളിക്കലകത്തിനെ ലീഗിലെത്തിക്കാന്‍ പാണക്കാട് നിന്നു തന്നെ നേരിട്ടിടപെടലുകളുണ്ടായി. നിയാസ് പുളിക്കലകത്തിന്റെ വരവ് ലേക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ ആഘോഷമാക്കി മാറ്റാന്‍ ലീഗ് കേന്ദ്രങ്ങള്‍ സ്വകാര്യ തീരുമാനത്തിലെത്തിയിട്ടുണ്ട്. അതെ സമയം മുസ്ലീം ലീഗിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ‘ബൈത്തുറഹ്മ’പദ്ധതിയുടെയും മേല്‍നോട്ടമേറ്റെടുക്കാന്‍ സമ്മര്‍ദ്ധമണ്ടെന്നും അത് സന്തോഷ പൂര്‍വ്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയാസ് പുളിക്കലകത്ത് പറഞ്ഞു.

ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമായതോടെ തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ ദിവസങ്ങളായി ഇടതുമുന്നണി നാഥനില്ലാത്ത അവസ്ഥയിലാണ്. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ ആര്‍എസ്പി നേതാവ് എപി മുഹമ്മദ് തല്‍സ്ഥാനം രാജിവെച്ചതോടെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ കസേര കാലിയായത്. അതിനിടെ തീരദേശത്ത് നിന്നും ഒരുപറ്റം പ്രവര്‍ത്തകര്‍ ലീഗ് വിട്ട് സിപിഎം ല്‍ ചേര്‍ന്നതോടെ നേരത്തെ നേതൃത്വത്തിനെതിരെ ഹാര്‍ബറിന്റെ പേരില്‍ പിണങ്ങി നിന്നവര്‍ നേതാക്കള്‍ നല്‍കിയ ഉറപ്പിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. ഏറെക്കാലമായി മുസ്ലീം ലീഗിന്റെ ഒരു പരിപാടിയും നടത്താന്‍ സമ്മതിക്കാത്ത തീരദേശത്ത് പുതിയ സാഹചര്യത്തില്‍ അടുത്ത ദിവസം വലിയ രാഷ്ട്രീയ സമ്മേളനം നടത്താന്‍ തീരദേശ വാര്‍ഡ് കമ്മറ്റികള്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെ മുന്നില്‍ നിറുത്തി സമ്മേളനങ്ങള്‍ നടത്താന്‍ വിവിധ പാര്‍ട്ടികള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഈ സമ്മേളനങ്ങളില്‍ സിപിഎമ്മി്ല്‍ നിന്ന് ആരേയങ്ങിലും പുറത്തിറക്കി പങ്കെടുപ്പിക്കാന്‍ കഴിയുമോ എന്ന ശ്രമവും നടക്കുന്നുണ്ട്.