Section

malabari-logo-mobile

ഖത്തറിലെ പ്രവാസികള്‍ക്ക്‌ ഇനിമുതല്‍ പുതിയ റസിഡന്‍സി കാര്‍ഡ്‌

HIGHLIGHTS : ദോഹ: വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ് പതിപ്പിക്കുന്ന രീതി ഇല്ലാതാകുന്നു. ഖത്തറിലെ പ്രവാസികള്‍ക്ക് പുതിയ രീതിയിലുള്ള റസിഡന്‍സി

Untitled-1 copyദോഹ: വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ്  പതിപ്പിക്കുന്ന രീതി ഇല്ലാതാകുന്നു. ഖത്തറിലെ പ്രവാസികള്‍ക്ക് പുതിയ രീതിയിലുള്ള റസിഡന്‍സി കാര്‍ഡാണ് ഇനിമുതല്‍ ലഭിക്കുക. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. പുതിയ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പ്രവാസികള്‍ക്കായി സ്റ്റിക്കര്‍ ഫ്രീ റസിഡന്‍സി പെര്‍മിറ്റ് സംവിധാനമായിരിക്കും നടപ്പാക്കുക. റസിഡന്റ് പെര്‍മിറ്റ് പുതുക്കുമ്പോഴും പാസ്‌പോര്‍ട്ടില്‍ പതിക്കില്ല. പരീക്ഷണാടിസ്ഥാനത്തില്‍  നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്  പുതിയ റസിഡന്‍സി കാര്‍ഡ് പ്രാബല്യത്തില്‍ വരുന്നത്. പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് വിസ പതിക്കുന്നതിന് പകരം മുഴുവന്‍ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്‍ തന്നെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ സംവിധാനം.
ഖത്തറില്‍ താമസ വിസയില്‍ എത്തുന്നവര്‍ക്ക് മെഡിക്കലും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഐ ഡി നമ്പര്‍ ഉള്‍പ്പെടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ്  പെര്‍മിറ്റ് പതിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനു പുറമെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കാറുണ്ട്. എന്നാല്‍ ഇതിനു പകരമായി മെട്രാഷ് 2 വഴി കൂടുതല്‍ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള സ്മാര്‍ട്ട്  കാര്‍ഡുകള്‍ നല്‍കാനാണ് തീരുമാനം. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഓരോ വര്‍ഷവും വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്റ് പെര്‍മിറ്റ് മുദ്ര പതിപ്പിക്കുന്ന പരമ്പരാഗത രീതി പൂര്‍ണമായും ഒഴിവാകും. ദീര്‍ഘ കാലമായി രാജ്യത്ത് തങ്ങുന്നവരുടെ പാസ്‌പോര്‍ട്ടിലെ പേജുകള്‍ എളുപ്പത്തില്‍ തീര്‍ന്നുപോകുന്നതും ഇതു വഴി പരിഹരിക്കാനാകും. ഈ കാര്‍ഡ് ഉപയോഗിച്ച് വിസ സംബന്ധമായ കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി തന്നെ ചെയ്യാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ രീതിയനുസരിച്ച് താമസ വിസ ലഭിക്കുന്നവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകളില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുകയും പാസ്‌പോര്‍ട്ടില്‍ റസിഡന്റ് പെര്‍മിറ്റ് മുദ്ര പതിപ്പിക്കുകയും വേണം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പുതിയ സംവിധാനം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന ഉറപ്പു ലഭിക്കുന്നതോടെ പദ്ധതി പ്രാബല്യത്തില്‍ വരും.
ഇമിഗ്രേഷന്‍ വിഭാഗത്തിന് കീഴിലെ റസിഡന്റ് പെര്‍മിറ്റ് സെക്ഷന്‍ പ്രതിദിനം 7500ഓളം റസിഡന്റ് പെര്‍മിറ്റുകളാണ് നല്കുന്നത്. ഇതില്‍ അയ്യായിരത്തോളം എണ്ണം പഴയവ പുതുക്കുന്നതാണ്. പുതിയ രീതിയിലുള്ള റസിഡന്റ് പെര്‍മിറ്റ് അനുവദിക്കുന്നതിനും പഴയവ പുതുക്കുന്നതിനും ആഭ്യന്തര മന്ത്രാലയവും വിവിധ വിഭാഗങ്ങളും സന്നദ്ധമായിക്കഴിഞ്ഞു. പുതിയ കാര്‍ഡുകള്‍ പുതിയ ഡിസൈനിലും കാര്‍ഡുടമയുടെ വിലാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങളും അടങ്ങുന്നവയാണ്. ഈ കാര്‍ഡുകള്‍ തങ്ങള്‍ ഖത്തറിലെ താമസക്കാരാണെന്ന് കാണിക്കുന്ന തരത്തിലുള്ള എല്ലാ വിവരങ്ങളും അടങ്ങിയതും ഖത്തറിന് പുറത്തുള്ള രാജ്യങ്ങളില്‍ ഖത്തറിലെ താമസത്തിന്റെ തെളിവായി ഉപയോഗപ്പെടുത്താവുന്നതുമാണ്. വിദേശങ്ങളിലെ എയര്‍പോര്‍ട്ടുകളിലും ബാങ്കുകളിലും ഈ കാര്‍ഡുകള്‍ ഖത്തറിലെ താമസ രേഖകളായി പരിഗണിക്കും.
ഖത്തറിന് പുറത്തേക്ക് പോകുമ്പോഴേക്കും രാജ്യത്തേക്ക് വരുമ്പോഴും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റസിഡന്റ് കാര്‍ഡുടമയുടെ പേരോ പാസ്‌പോര്‍ട്ട് നമ്പറോ നല്കിയാല്‍ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന വിധത്തിലാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!