ഷീലാ ദീക്ഷിതിനെ കളിയാക്കി; റിമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

reemaകേരളത്തിന്റെ നിയുക്ത ഗവര്‍ണറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിനെ കളിയാക്കി ചലച്ചിത്ര താരം റീമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ദിനപത്രത്തില്‍ ഷീലാദീക്ഷിത് ഗവര്‍ണറാകുന്നു എന്ന വാര്‍ത്താ ചിത്രത്തിനോടൊപ്പമാണ് റീമയുടെ വിമര്‍ശനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷീലാ ദീക്ഷിദ് കേരളത്തിലേക്ക് വരികയാണെന്നും എല്ലാ വനിതാ മാധ്യമ പ്രവര്‍ത്തകരോടും ജാഗരൂകരായി ഇരിക്കാനും വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ കയറാനുമുള്ള മുന്നറിയിപ്പാണ് റീമാ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റിന് അനുകൂലിച്ചുകൊണ്ടും, വിമര്‍ശിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ദില്ലിയില്‍ ഓടികൊണ്ടിരിക്കുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായ സംഭവത്തെ തുടര്‍ന്ന് സ്ത്രീകള്‍ ആറ് മണിക്ക് മുമ്പ് വീട്ടിനുള്ളില്‍ കയറണമെന്ന് ഷീലാ ദീക്ഷിത് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് എതിരെയാണ് റീമയുടെ ഈ മറുപടി.

അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഷീലാ ദീക്ഷിതിനെ കേരളാ ഗവര്‍ണറായി നിയമിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണ് വന്നുകൊണ്ടിരിക്കുന്നത്.