വായനാവാരാചരണം തുടങ്ങി: ഐ.റ്റി.മന്ത്രിക്കും പ്രിയം അച്ചടിച്ച പുസ്‌തകങ്ങള്‍

vayana varacharana Dist_ Level udgadanam Minister Kunhalikutty udgadanam cheyyunnuമലപ്പുറം: ആധുനിക സാങ്കേതിക വിദ്യ വികസിച്ച്‌ വായനയ്‌ക്ക്‌ പുതിയ മാധ്യമങ്ങള്‍ വന്നെങ്കിലും അച്ചടിച്ച പുസ്‌തകം വായിക്കുന്നതാണ്‌ ഏറ്റവും സുഖകരമെന്ന്‌ ഐ.ടി. വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഒതുക്കുങ്ങല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യാക്ഷരങ്ങള്‍ വായിച്ച്‌ പഠിച്ചത്‌ അച്ചടിച്ച പുസ്‌തകങ്ങളില്‍ നിന്നായതിനാല്‍ മറ്റ്‌ മാധ്യമങ്ങളേക്കാള്‍ പുസ്‌തകങ്ങള്‍ക്ക്‌ പ്രാധാന്യമുണ്ടെന്നും പാഠ്യപദ്ധതിക്കപ്പുറം ധാരാളം പുസ്‌തകങ്ങള്‍ വായിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ശിഹാബുദീന്‍ പൊയ്‌ത്തുംകടവ്‌ മുഖ്യപ്രഭാഷണം നടത്തി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. മമ്മദ്‌ക്കുട്ടി അധ്യക്ഷനായി. ഡെപ്യൂട്ടി കലക്‌ടര്‍ പി. രാമചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. അബൂബക്കര്‍ സിദ്ദിഖ്‌, പ്രാധാനധ്യാപകന്‍ കെ. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബന്യാമിന്‍ എഴുതിയ ‘ആട്‌ ജീവിതം’ വായിച്ചതിന്റെ അനുഭവം കെ.കെ. റിസ്വാനയും എഴുത്തിന്‌ പ്രേരകമായ അനുഭവങ്ങള്‍ എഴുത്തുകാരി കൂടിയായ സാബിക പര്‍വീസും പങ്കുവെച്ചു. പ്ലസ്‌ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ റമീസ ജഹാന്‌ സ്‌കൂളിന്റെ ഉപഹാരം മന്ത്രി കൈമാറി