ഇതരസംസ്ഥാന വാഹനപുനര്‍ രജിസ്‌ട്രേഷന്‍ ഏഴ്‌ ദിവസത്തിനകം പൂര്‍ത്തിയാക്കണം

Story dated:Tuesday September 8th, 2015,09 42:am

for-re-registration-of-other-state-vehicle-250x250മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷനായി ലഭിക്കുന്ന അപേക്ഷകളില്‍ ഏഴ്‌ ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി വാഹനന ഉടമയ്‌ക്ക്‌ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ എ.ഡി.എം. കെ. രാധാകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഴിമതി നിവാരണ വിജിലന്‍സ്‌ മോണിറ്ററിങ്‌ സമിതി യോഗം തീരുമാനിച്ചു. ഇത്‌ സംബന്ധിച്ച്‌ ആ.ര്‍.ടി. ഒ. ക്ക്‌ നിര്‍ദേശം നല്‍കി. പുനര്‍ രജിസ്‌ട്രേഷനായി നല്‍കിയ അപേക്ഷള്‍ മാസങ്ങളായിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ നിര്‍ദേശം നല്‍കിയത്‌.
അപേക്ഷ ലഭിച്ച ദിവസം തന്നെ മോട്ടോര്‍ വെഹിക്ക്‌ള്‍ ഇന്‍സ്‌പെക്‌ടര്‍ വാഹന പരിശോധന നടത്തി ജോയിന്റ്‌ ആര്‍.ടി. ഒ ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി ഏഴ്‌ ദിവസത്തിനകം ഹിയറിങ്‌ നടത്തി നമ്പര്‍ നല്‍കണമെന്നാണ്‌ നിയമം. എന്നാല്‍ നാഷനല്‍ ക്രൈം റിക്കോഡ്‌സ്‌ ബ്യൂറോ (എന്‍.സി.ആര്‍.ബി.) യില്‍ നിന്ന്‌ വാഹനങ്ങളുടെ എന്‍.ഒ. സി. ലഭിക്കുന്നത്‌ വരെ രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നതായാണ്‌ പരാതി. എന്‍.ഒ. സി. യില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ വാഹന ഉടമക്കെതിരെ നിയമനടപടി സ്വീകരിച്ചാല്‍ മതിയെന്നാണ്‌ നിയമം.
ജില്ലയിലെ ആര്‍.ടി. ഓഫീസുകളില്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അപേക്ഷകളും ഒരുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കുമെന്ന്‌ ആ.ര്‍.ടി.ഒ. അറിയിച്ചു. ജില്ലയിലെ മുഴുവന്‍ സബ്‌. ആര്‍.ടി.ഒ. ഓഫിസുകളിലും ഇതര സംസ്‌ഥാന വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഉത്തരവ്‌ പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ചെയ്യും.
അപേക്ഷകര്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളെക്കുറിച്ചുള്ള അജ്ഞത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുതലെടുക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗം അറിയിച്ചു. ടിക്കറ്റുകള്‍ നല്‍കാത്തതും നിയമാനുസൃതമല്ലാതെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ട്രിപ്പ്‌ മുടക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.