റയാന്‍ സ്‌കൂളിലെ ഏഴുവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ദില്ലി: ഹരിയാനയിലെ ഗുരുഗ്രാമില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാത്ഥിയായിരുന്ന പ്രഥ്യൂമാനെ കൊലപ്പെടുത്തിയ കേസില്‍ ഇതേ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തു.

സോനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ സിബിഐ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥിയെ രാത്രി മുഴുവന്‍  ചോദ്യം ചെയ്തു. തുടര്‍ന്ന് ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പതിവുപോലെ സ്‌കുളിലെത്തിയ പ്രഥ്യുമാനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍,  പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രഥ്യൂമാന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹരിയാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തയ്യാറായത്.