ബലാത്സംഗകേസ് ഇരകളുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണം;സുപ്രീംകോടതി

ദില്ലി : ബലാത്സംഗകേസുകളില്‍ ഇരകളായവരുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്നും പോലീസ് മൊഴി എടുക്കേണ്ടതില്ലെന്നും സുപ്രീംകോടതി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.

മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പ് ഇരയെ വൈദ്യപരിശോധനക്ക് വിധേയമാക്കണം, ബലാത്സംഗത്തെ കുറിച്ച് വിവരം ലഭിച്ച തിയ്യതിയും, സമയവും അനേ്വഷണ ഉദ്യോഗസ്ഥന്‍ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വനിതാ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഇരയെ ഹാജരാക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഏതെങ്കിലും കാരണവശാല്‍ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ വന്നാല്‍ അനേ്വഷണ ഉദേ്യാഗസ്ഥന്‍ കാരണം വ്യക്തമാക്കിയ ശേഷം ഇരയുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തി. പിന്നീട് മജിസ്‌ട്രേറ്റിന് അത് സമര്‍പ്പിക്കുകയും ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

ഇതേ സംബന്ധിച്ച് ഡിജിപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെ കാലതാമസം ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്ന നിരീക്ഷണത്തിലാണ് സുപ്രീം കോടതിയുടെ ഈ പുതിയ ഉത്തരവ്. ഇത് നടപ്പിലാക്കുന്നതിലൂടെ പ്രതികള്‍ രക്ഷപ്പെടുന്നതു ഒഴിവാക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു.