റമദാന്‍ വോളിബാള്‍ ടൂര്‍ണമെന്റ്‌ വോളിഖ് ടീം ജേതാക്കളായി

imagesദോഹ: ക്യൂ സ്‌പോര്‍ട്‌സ് ലീഗ് ഇബിന്‍ കുല്‍ദൂം സ്‌കൂളില്‍ സംഘടിപ്പിച്ച റമദാന്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ വോളിഖ് ടീം ജേതാക്കളായി. ഫൈനലില്‍ അവര്‍ സുമൈസ്മ ടീമിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കീഴടക്കിയാണ് കിരീടം ചൂടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കളിക്കാരുടെ ടീമുകള്‍ക്കൊപ്പം ഖത്തര്‍ ജൂനിയര്‍ താരങ്ങള്‍ അണിനിരന്ന സുമൈസ്മ ടീം ആദ്യ റൗണ്ടില്‍ പരാജയമറിയാതെയായിരുന്നു ഫൈനല്‍ പ്രവേശനം നേടിയത്.

വോളിഖ് ആകട്ടെ , ആദ്യ റൗണ്ടില്‍ ഏറ്റ തോല്‍വിക്ക് മധുരമായി  പകരം വീട്ടി കലാശക്കളിയില്‍. തങ്ങളുടെ തുരുപ്പു ചീട്ടായ എവിന്‍ എഡ്വേര്‍ഡിന്റെ തകര്‍പ്പന്‍ ജംപ് സര്‍വുകള്‍ തുടര്‍ച്ചയായി പോയിന്റുകള്‍ വാരിക്കൂട്ടിയപ്പോള്‍ എതിരാളികളുടെ ചെറുത്ത് നില്‍പ്പ് ശ്രമം പാളുകയായിരുന്നു. സെറ്റിങ്ങില്‍ റിനെഷ് മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ ആക്രമണത്തില്‍ എവിനും ബ്ലോക്കിങ്ങില്‍ സിറാജും മികവു പുലര്‍ത്തി.  കണിശമായ ഫസ്റ്റ് പാസുകളിലൂടെയും ഡിഫന്‍സ് ഗെയിമിലൂടെയും റാഫി കുറ്റിയാടി ടീമിനു ഉറച്ച പിന്തുണ നല്‍കി.