ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ യു ആര്‍ റാവു അന്തരിച്ചു

ബംഗളൂരു: ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശില്‍പ്പികളില്‍ ഒരാളുമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ യു ആര്‍ റാവു(85) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 2.30 നായിണ് അന്ത്യം സംഭവിച്ചത്. ഏറെ നാളായി അസുഖ ബാധിതനായിരുന്നു.

സതീഷ് ധാവാനു ശേഷം 1984 മുതല്‍ 1994 വരെ ഐ എസ് ആര്‍ ഒ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. ആര്യഭട്ട മുതല്‍ മാര്‍സ് ഓര്‍ബിട്ടര്‍ മിഷന്‍ വരെ എല്ലാ പ്രൊജക്ടുകളിലും റാവുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു.ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ചാന്‍സലര്‍ എന്നീ നിലകലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

10 അന്താരാഷ്ട്ര അവാര്‍ഡുകളും പദ്മ വിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ദേശീയ അവാര്‍ഡുകളും അദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ 25 സര്‍വകലാശാലകള്‍ അദേഹത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങള്‍ റാവു പ്രസിദ്ധീകരിച്ചിട്ടുണ്ട്.