രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് അധികാരമേറ്റു

ദില്ലി:രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് അധികാരമേറ്റു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ 12.15നായിരുന്നു സത്യപ്രതിജ്ഞ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, എം പിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

സത്യപരതിജ്ഞാ ചടങ്ങിന് മുന്‍പ് രാം നാഥ് രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ കോവിന്ദിനെ പ്രണബ് മുഖര്‍ജി സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി പാര്‍ലമെന്റിലെത്തിയത്. ഇരുവരെയും ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍, ഇരു സഭകളുടെയും സെക്രട്ടറി ജനറല്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതി ഭവനു മുന്നില്‍ വെച്ച് പുതിയ രാഷ്ട്രപതിക്ക് മൂന്ന് സേനാവിഭാഗങ്ങളും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.