രാംനാഥ് ഗോയങ്കേ മാധ്യമ അവാര്‍ഡ് നിലീന അത്തോളിക്ക്

imageദില്ലി:  രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഓഫ് ജേണലിസം പുരസ്‌ക്കാരം മലയാള മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്ക്. 2015 ലെ ഹിന്ദി ഒഴികെയുള്ള പ്രാദേശിക ഭാഷകളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌ക്കാരമാണ് നിലീനയ്ക്ക് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌ക്കാരം നവംബര്‍ രണ്ടിന് ദില്ലിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ മോദി വിതരണം ചെയ്യും.
മാതൃഭുമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘അര്‍ദ്ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍’ എന്ന ലേഖനപരമ്പരയാണ് നിലീനിയെ പുരസ്‌ക്കാരത്തിനര്‍ഹയാക്കിയത്. ഭിന്നലിംഗക്കാര്‍ സമുഹത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന പീഢനങ്ങളേ കുറിച്ചും അവരുടെ കാഴ്ചപാടുകളെ കുറിച്ചുള്ള ഈ ലേഖനപരമ്പര ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ ലേഖനത്തിന് ഈ വര്‍ഷത്തെ എസ്ബിടി മാധ്യമപുരസ്‌ക്കാരവും ലഭിച്ചിരുന്നു.
2013 വര്‍ഷത്തില്‍ മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കുള്‍ കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌ക്കാരവും നിലീനയ്ക്ക് ലഭിച്ചിട്ടുണ്ട്. നിലീന നിലവില്‍ മാതൃഭുമി ഡോട്ട്‌കോമില്‍ സബ് എഡിറ്ററാണ്.

നാരായണന്‍ അത്തോളി, ഷൈലജ ദമ്പതികളുടെ മകളായ നിലീന അത്തോളി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗൗതം ബാലകൃഷ്ണന്‍ ഭര്‍ത്താവും നിതാര മകളുമാണ്.