രാജീവ്ഗാന്ധി വധകേസ് പ്രതികളെ മോചിപ്പിക്കരുത്; സുപ്രീം കോടതി

rajivദില്ലി : രാജീവ്ഗാന്ധി വധകേസിലെ ഒരു പ്രതികളെയും മോചിപ്പിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കോടതി സ്റ്റേ ചെയ്തു. അടുത്ത വ്യാഴാഴ്ച വരെയാണ് സ്റ്റേ. കേസ് മാര്‍ച്ച് ആറിന് കോടതി വീണ്ടും പരിഗണിക്കും.

രാജീവ്ഗാന്ധി വധകേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യത്തെ എതിര്‍ത്തുളള കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശം. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ കേസിലെ മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹരജി പരിഗണിച്ചത്.

രാജീവ്ഗാന്ധി വധകേസില്‍ വധശിക്ഷയില്‍ ഇളവ് കിട്ടിയ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നാല്‍ ഇത് വധശിക്ഷയില്‍ ഇളവ് ലഭിച്ച ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് മാത്രമേ ബാധകമാകൂ എന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. ഇതേ തുടര്‍ന്ന് മറ്റ് നാല് പ്രതികളായ നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ വിട്ടയക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ പ്രതികളായിട്ടുള്ള ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള സുപ്രീംകോടതി വിധിക്കെതിരെയും കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.