രാജന്‍ അരിയല്ലുരിന്റെ എഴുത്തച്ഛന്‍ ശില്പത്തെ മാതൃവിദ്യാലയം ഏറ്റുവാങ്ങുന്നു

ദുരാധികാരം കവികളെ ശിരഛേദം ചെയ്യുന്നു
മണ്ണിനടിയില്‍ നിന്ന് രഹസ്യസ്രോതസ്സുകളിലൂടെ
അവരുടെ ശബ്ദം ഉപരിതലത്തിലേക്ക്
വീണ്ടെടുക്കപ്പെടുന്നു ‘
                                                           – സച്ചിദാനന്ദന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് മതമൗലികവാദികളുടെ ഇടപെടല്‍ മൂലം ഭാഷാ പിതാവിന്റെ മണ്ണില്‍ സ്ഥാപിക്കുന്നതില്‍ നി്ന്ന് വിലക്കപ്പെട്ട ശില്പി രാജന്‍ അരിയല്ലൂരിന്റെ എഴുത്തച്ഛന്‍ പ്രതിമ ശില്പിയുടെ തന്നെ മാതൃവിദ്യാലയത്തില്‍ സ്ഥാപിക്കപ്പെടുന്നു.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് അരിയല്ലുര്‍ ജിയുപി സ്കൂളിലെ അധ്യാപക രക്ഷകര്‍തൃസമിതി ശില്പിയുടെ ഗൃഹത്തില്‍ ഏറെക്കുറെ അനാഥമായി കിടന്നിരുന്ന ഈ ശില്‍പം സ്‌കൂളില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ മതാന്ധതക്ക് മുകളില്‍ ജനാധിപത്യ ആവിഷ്‌കാരങ്ങളുടെ വൈകിയെത്തിയ വിജയം ഒരു കാവ്യനീതി പോലെ അടയാളപ്പെടുത്തുന്നു.

കേരള കവിതയുടെ സെക്കുലര്‍-യുക്തിബന്ധങ്ങളുടെ ശക്തനായ പ്രതിനിധി ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യാതിഥിയായി പങ്കെുടുക്കുന്നത് ചടങ്ങിന്റെ രാഷ്ട്രീയഗരിമക്ക് മാറ്റ് കൂട്ടും.

ezuthachan silpam rajan ariyalloor2003ല്‍ തിരൂരില്‍ സ്ഥാപിക്കുന്നതിനാണ് രാജന്‍ അരിയല്ലൂര്‍ ഈ ശില്പം ഉണ്ടാക്കുന്നത്. എന്നാല്‍ മനുഷ്യരൂപമുള്ള ശില്പം ഉണ്ടാക്കുന്നത് മതവിരുദ്ധമാണെന്ന താലിബാന്‍ മതമൗലകവാദചിന്തയുമായി ജനാധിപത്യഭരണകൂടമെന്ന് അവകാശപ്പെടുന്ന നഗരസഭ തന്നെ രംഗത്ത് വന്നതോടെ ഈ ശില്പം ഉപേക്ഷിക്കപ്പെടുകയായിരുന്നു. സംഭവം വിവദമായതോടെ സാംസകാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും രാജന് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ നഗരസഭ തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് പല വര്‍ഗീയ സംഘടനകളും വിഷയം ഏറ്റെടുക്കാനെത്തിയതോടെ അവരുടെ കൈക്കോടാലിയാകാന്‍ ശില്‍പിയുടെ മതേതരമനസ്സ് ഒരുക്കമല്ലായിരുന്നു. എന്നും മനസ്സിലെ വേദനയായിരുന്ന അനാഥമാക്കപ്പെട്ട ഈ ശില്പം ഒടുവില്‍ തനിക്ക് ആദ്യാക്ഷരം പകര്‍ന്നു തന്ന വിദ്യാലയത്തിന്റെ മുറ്റത്ത് സ്ഥാപിക്കപ്പെടുമ്പോള്‍ ഈ കലാകാരന്‍ ഏറെ അഭിമാനിക്കുന്നു. അതിന് അവസരമൊരിക്കിയ സതീശന്‍ മാസ്റ്ററെയും വിനയന്‍ മാസ്റ്ററേയും രാജന്‍ നന്ദിയോടെ സ്മരിക്കുന്നു.

തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് സ്‌കൂളിലാണ് ചടങ്ങ് നടക്കുക. ഇതോടൊപ്പം വി്ദ്യാലയത്തില്‍ മനോഹരമായ ഒരു പൂന്തോട്ടവും വാട്ടര്‍ ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്.