മഴയായ്‌ പെയ്‌ത നിറക്കാഴ്‌ചകള്‍

paintingപെരിന്തല്‍മണ്ണ: നിറങ്ങള്‍ മഴയായ്‌ പെയ്‌തു. ആ വര്‍ണമഴയാല്‍ വിസ്‌മയക്കാഴ്‌ചയൊരുക്കി കലാകാരന്‍മാര്‍ സംഗമിച്ചു. നിറങ്ങള്‍ കൊണ്ട്‌ സംവദിച്ചും ആശങ്കകള്‍ പങ്കുവെച്ചും രാമനാട്ടുകര ദാനഗ്രാം ടിടിഐയില്‍ നടന്ന ആറാമത്‌ വരക്കൂട്ടം ചിത്രകലാ ക്യാമ്പ്‌ ശ്രദ്ധേയമായി.
ചിത്രകലയുടെ വിവിധ ശൈലികളില്‍ പുതിയ പരീക്ഷണ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു ചിത്രങ്ങള്‍. സമകാലിക സംഭവങ്ങളോടുള്ള പ്രതികരണവും പ്രകൃതിദൃശ്യങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം ക്യാന്‍വാസിലേക്ക്‌ പകര്‍ത്തി. നിറങ്ങള്‍ കൊണ്ട്‌ കവിത തീര്‍ത്തും കഥയെഴുതിയും കലാകാരന്‍മാര്‍ ചിത്രകലയുടെ സാധ്യതകളെ പരിചയപ്പെടുത്തി.

പോള്‍ കല്ലാനോട്‌, കെ.വി ദയാനന്ദന്‍, യൂനുസ്‌ മുസ്ലിയാരകത്ത്‌, സി.കെ ഷാജി, ഡോ. ടി. റഹിമാന്‍, സുരേഷ്‌ ചാലിയത്ത്‌, മുഖ്‌താര്‍ ഉദരംപൊയില്‍, ജോഷി പേരാമ്പ്ര, മുനീര്‍ അഗ്രഗാമി, അരവിന്ദന്‍ കോഴിക്കോട്‌, ദിനേഷ്‌ നറുകര, പി.കെ ഉഷ, ഷബീബ മലപ്പുറം, റിഞ്ചു വെള്ളില, നൗഷാദ്‌ മാവൂര്‍, താജുദ്ദീന്‍ പൊന്നാനി, സുനില്‍ വണ്ടൂര്‍, സേതു മക്കരപ്പറമ്പ്‌, സിജ്‌നി ദേവഗിരി, ഗഫൂര്‍ എടവണ്ണ തുടങ്ങി നൂറോളം കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കെടുത്തു.

കലാനിരൂപകന്‍ ദാമോദരന്‍ നമ്പിടി ഉദ്‌ഘാടനം ചെയ്‌തു. യൂനുസ്‌ മുസ്ലിയാരകത്ത്‌, സി.കെ ഷാജി, കെ.വി ദയാനന്ദന്‍, ഷമീം സീഗള്‍ എന്നിവര്‍ സസംാരിച്ചു.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മാസത്തില്‍ ഒന്നുവീതം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക സമന്വയത്തിന്റെ ചിത്രയാത്രയാണ്‌ വരക്കൂട്ടം ചിത്രകലാക്യാമ്പ്‌.
ഷമീം സീഗള്‍, അനീസ്‌ വടക്കന്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി. നിലമ്പൂര്‍ ദ സ്‌പ്രിങ്‌സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സഹകരണത്തോടെ പാണ്ടിക്കാട്‌ സീഗള്‍സ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌്‌. ജൂലൈ 11ന്‌ വണ്ടൂരിലാണ്‌ അടുത്ത ക്യാമ്പ്‌. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ചിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും 9562495423, 9746373797 നമ്പറുകളില്‍ ബന്ധപ്പെടുക.