തീവണ്ടി ഗതാഗതം മുടങ്ങി;കറപിടിച്ച പാളങ്ങള്‍

തിരൂര്‍: ഒരു നൂറ്റാണ്ടിലേറെയായി വണ്ടികള്‍ ഓടിക്കൊണ്ടിരുന്ന തെക്കന്‍ മലബാറിലെ റെയില്‍ പാളങ്ങള്‍ക്ക് വിശ്രമം. കനത്ത മഴയെ തുടര്‍ന്ന് രണ്ടു ദിവസത്തില്‍ ആകെ ഓടിയത് ഒരു ട്രെയിന്‍ മാത്രം. ട്രെയിന്‍ ഓടാതായതോടെ മിനുമിനുത്ത പാളങ്ങളെല്ലാം കറപിടിച്ചുകഴിഞ്ഞു.

ഇതിനുമുന്‍പ് 2001 ജൂണിലാണ് ഇത്തരത്തില്‍ പരപ്പനങ്ങാടിക്കും കോഴിക്കോടിനും ഇടയ്ക്ക് തീവണ്ടികളുടെ താളം കിട്ടാതെ പാളങ്ങള്‍ വിശ്രമിച്ചത്. അന്ന് മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോയ മദ്രാസ് മെയില്‍ കടലുണ്ടി പുഴയില്‍ പാളം തെറ്റിയതോടെ മാസങ്ങളോളം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പേമാരിയില്‍ റെയില്‍ ഗതാഗതം പോലും നിശ്ചലമായിരിക്കുന്നു. റെയില്‍വേ ഗേറ്റുകള്‍ തുറന്നിട്ടിരിക്കുന്നു.

ഇന്ന് വൈകീട്ട് പ്രളയക്കെടുതിയെ തുടര്‍ന്ന് നിരവധി സ്റ്റേഷനുകളില്‍ കുടുങ്ങിപ്പോയവരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ എല്ലായിടത്തും നിര്‍ത്തുന്ന ഒരു സ്‌പെഷല്‍ തീവണ്ടിമാത്രമാണ് ഓടിയത്. നാളെ മുതല്‍ ഏറെക്കുറെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്.

Related Articles