റെയില്‍വെ ടിക്കറ്റ്‌ ബുക്കിംഗിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി

railwayദില്ലി: റെയില്‍വെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. തുടര്‍ന്ന് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ എന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇത് ലംഘിച്ചാണ് ഇപ്പോള്‍ റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്.

രണ്ട് ഘട്ടങ്ങളായാകും പദ്ധതി നടപ്പിലാക്കുക. 15 ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ആദ്യ ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് ആനുകാല്യങ്ങള്‍ക്കാകും ആധാര്‍ നിര്‍ബന്ധമാക്കുക. രണ്ടാം ഘട്ടത്തില്‍ എല്ലാ ടിക്കറ്റുകളുടെ ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കും.

റെയില്‍വെ ടിക്കറ്റ് ഉപയോഗിച്ചുള്ള ആള്‍മാറാട്ടം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്കിംഗിനും ടിക്കറ്റ് പരിശോധനയ്ക്കും ആധാര്‍ ഹാജരാക്കണം.