കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന്‌ റെയില്‍ ബന്ദ്‌

cauvery-rail-roko-ptiബംഗളൂരു: കര്‍ണാടകത്തില്‍ കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന്  ഇന്ന് റെയില്‍ ബന്ദ്. രാവിലെ 6 മുതല്‍ വൈകീട്ട് ആറുവരെയാണ് റെയില്‍ ബന്ദ്. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടയുമെന്നാണ് റെയില്‍ ബന്ദിന് ആഹ്വാനം നല്‍കിയ കന്നട ഒക്കൂട്ട എന്ന സംഘടന അവകാശപ്പെടുന്നത്.

കാവേരി വിഷയത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി നടത്തുന്ന റെയില്‍ ഉപരോധം സമാധാനപരമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റോഡ് ഗതാഗതത്തെ പ്രതിഷേധം ബാധിക്കാന്‍ ഇടയില്ല. സംഘര്‍ഷം ഒഴിവാക്കാന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് കര്‍ണാടക റെയില്‍വെ പോലീസ് അറിയിച്ചു.

പ്രതിഷേധംമൂലം തീവണ്ടികള്‍ വൈകാന്‍ ഇടയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ പോലീസ് ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമ്പര്‍: 18004251363. തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ഇന്നലെ കര്‍ണാടകയിലെ പ്രതിഷേധങ്ങളുണ്ടായ ബംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജില്ലകളിലെല്ലാം നിരോധനാജ്ഞ പിന്‍വലിച്ചിരുന്നു. എന്നാല്‍ പൊതുവിടങ്ങളിലെ ഒത്തുചേരലിന് കര്‍ണാടകയിലെ വിവിധ മേഖലകളില്‍ ഇപ്പോഴും വിലക്ക് തുടരുകയാണ്.

Related Articles