രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയ വീട്ടമ്മയെ ചുട്ട് കൊന്നു ?

hqdefaultഗുവാഹത്തി : രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ വൈകി മടങ്ങിയെത്തിയ സ്ത്രീയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാഹുല്‍ ഗാന്ധി അസമില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആ പരിപാടിയില്‍ പങ്കെടുത്ത ബോണ്ടി ചുട്ടിയയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് ഇവരെ തീ കൊളുത്തിയതെന്നാണ് സംശയിക്കുന്നത്. പൊള്ളലേറ്റ ഇവരുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിപാടിയില്‍ പങ്കെടുത്തത്ത് വൈകി മടങ്ങി എത്തിയതിനെ തുടര്‍ന്ന് ഇവരും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായും അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ ഇടക്കിടക്ക് വഴക്ക് കൂടുന്നതായും അയല്‍ക്കാര്‍ പറയുന്നു.

അതേസമയം രാഹുല്‍ഗാന്ധിയെ ചുംബിച്ച സ്ത്രീയെ ഭര്‍ത്താവ് തീവെച്ച് കൊന്നു എന്നായിരുന്നു മാധ്യമങ്ങളില്‍ ആദ്യം വന്ന വാര്‍ത്ത. രാഹുല്‍ഗാന്ധിയെ ചുംബിച്ച സ്ത്രീയുടെ സമീപത്തായാണ് ബോണ്ടി ഉണ്ടായിരുന്നത്. അസ്സമിലെ ബെക്കാജോണ്‍ ഗയോണ്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പറാണ് ബോണ്ടി. പരിപാടിക്കിടെ രാഹുല്‍ഗാന്ധിയെ ചില സ്ത്രീകള്‍ ചുംബിച്ചത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരുന്നത്.