രാഹുലിനെ കുറിച്ചുള്ള വിവര ശേഖരണം: ന്യായീകരിച്ച് കേന്ദ്രം

rahul-afp1ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ച ഡല്‍ഹി പൊലീസിന്റെ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചു. മുന്‍ പ്രധാനമന്ത്രിമാരും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും അടക്കമുള്ള വി ഐ പിമാരുടെ വിവരങ്ങള്‍ സുരക്ഷയുടെ ഭാഗമായി ശേഖരിക്കാറുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും അത്തരത്തില്‍ സുരക്ഷയുടെ ഭാഗമായാണ്. അത് തീര്‍ത്തും സുതാര്യമായ നടപടിയായിരുന്നു. നിസാരമായ പ്രശ്‌നത്തെ വലുതാക്കി കാണിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 1987 മുതല്‍ വി ഐ പികളുടെ വിവരശേഖരണം നടന്നു വരുന്നുണ്ടെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. രാഹുലിന്റെ വിവരങ്ങള്‍ ശേഖരിച്ചതിലൂടെ രാഷ്ട്രീയ ചാരവൃത്തിയാണ് ബി ജെ പി നടത്തുന്നതെന്ന കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

1999 മുതല്‍ മുന്‍ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡ, ഐ കെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ്, വാജ്‌പേയി എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു, 2004, 2009, 2010, 2012 എന്നീ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. പ്രണബ് മുഖര്‍ജി രാഷ്ട്രപതി ആവുന്നതിന് മുമ്പ് 2001, 07,08, 09, 2012ലും അദ്ദേഹത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു.

ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, സുഷമാ സ്വരാജ്, എ ഐ സി സി അംഗം അഹമ്മദ് പട്ടേല്‍ഷ സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഐക്യജനതാദള്‍ നേതാവ് ശരദ് യാദവ് എന്നിവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നിലവില്‍ 526 പേരുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളതെന്നും ജെയ്റ്റ്‌ലി വ്യക്തമായി വിശദീകരിച്ചു.