രാഹുല്‍ ദളിത് വീടുകള്‍ സന്ദര്‍ശിക്കുന്നത് മധുവിധു ആഘോഷിക്കാന്‍: ബാബാ രാംദേവ്

Baba-Ramdev-punലക്‌നൗ : രാഹുല്‍ഗാന്ധിയുടെ ദളിത് വീടുകളിലേക്കുള്ള സന്ദര്‍ശനം മധുവിധു ആഘോഷിക്കാനും വിനോദത്തിനും വേണ്ടിയാണെന്ന് ബാബാ രാംദേവ്. ലക്‌നൗവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരെ രാംദേവിന്റെ ഈ വിമര്‍ശനം.

ഒരു ദളിത് സ്ത്രീയെ വിവാഹം കഴിച്ചാല്‍ രാഹുലിന്റെ ഭാഗ്യം തെളിയുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഇന്ത്യക്കാരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു വിദേശ വനിതയെയാണ് വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ അമ്മയായ സോണിയാ ഗാന്ധിക്ക് രാഹുലിന്റെ ഈ ബന്ധത്തില്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ വനിതയെ വിവാഹം ചെയ്താല്‍ പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും അമ്മയായ സോണിയാഗാന്ധി പറഞ്ഞു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ആദ്യം പ്രധാനമന്ത്രിയാവുകയും പിന്നീട് വിദേശ വനിതയെ വിവാഹം ചെയ്യട്ടെ എന്നുമാണ് സോണിയ ആഗ്രഹിക്കുന്നതെന്നും രാംദേവ് പറഞ്ഞു.

കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം നടത്തിയതിന് രാംദേവിനെതിരെ കേസെടുത്തു.

അതെസമയം രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പിന്നീട് രാംദേവ് മാപ്പുപറഞ്ഞു.