കര്‍ണാടകയില്‍ ക്രൂരമായ റാഗിംഗിനിരയായ മലയാളി പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

imagesബംഗലൂരു: കര്‍ണാടകയില്‍ മലയാളി പെണ്‍കുട്ടി ക്രുരമായി റാഗിംഗിന്‌ ഇരയായി. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ക്രൂരമായ റാഗിംഗിനിടെ ടോയ്‌ലറ്റ്‌ വൃത്തിയാക്കാന്‍ വെച്ചിരുന്ന ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അന്നനാളം വെന്തുരുകിയതിനാല്‍ രണ്ടു ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌. ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ്‌ കൊടുക്കുന്നത്‌.

ഗുല്‍ബര്‍ഗയില്‍ നഴ്‌സിംഗിന്‌ പഠിക്കുന്ന എടപ്പാള്‍ സ്വദേശി അശ്വനിയാണ്‌ റാഗിംഗിന്‌ ഇരയായത്‌. മെയ്‌ 9 നാണ്‌ അശ്വനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ്‌ ചെയ്‌തത്‌. മലയാളി വിദ്യാര്‍ത്ഥികളാണ്‌ ഇത്‌ ചെയ്‌തതെന്നാണ്‌ സൂചന. ഗുരുതരാവസ്ഥയിലായ അശ്വനിയെ ആദ്യം കര്‍ണാടകയിലെ സ്വകാര്യാശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരുന്നത്‌. പിന്നീട്‌ വീട്ടില്‍ നിന്ന്‌ ആളെത്തിയ ശേഷമാണ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജിലേക്ക്‌ കൊണ്ടുപോന്നത്‌. കര്‍ണാടകയില്‍ നിന്ന്‌ മൊഴിയെടുക്കാന്‍ പോലീസെത്തിയെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ഡിസംബറില്‍ കോഴ്‌സിന്‌ ചേര്‍ന്ന അന്നു മുതല്‍ തന്നെ ഈ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിക്കാറുണ്ടെന്ന്‌ അശ്വനി പറഞ്ഞിരുന്നു. ക്രൂരമായി ഉപദ്രവിച്ചവര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്‌.

Related Articles