ഖത്തറിലെത്തിയ 178 എയ്‌ഡ്‌സ്‌ ബാധിതരെ തിരിച്ചയച്ചു

doha malabarinewsദോഹ: കഴിഞ്ഞ വര്‍ഷം ഖത്തറിലെത്തിയ അന്യദേശ തൊഴിലാളികള്‍ക്ക് നടത്തിയ മെഡിക്കല്‍ പരിശോധനകളില്‍ 178 എച്ച് ഐ വി/ എയ്ഡ്‌സ് രോഗികളെ കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രോഗം കണ്ടെത്തിയ മുഴുവനാളുകളേയും ഉടന്‍ തന്നെ തിരിച്ചയച്ചു.
കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കമ്മീഷന്‍ 8,49,000 പേരെയാണ് പരിശോധന നടത്തിയത്. 2013ല്‍ 7,63,000 പേരായിരുന്നു മെഡിക്കല്‍ പരിശോധനയക്ക് എത്തിയത്. 2013നെ അപേക്ഷിച്ച് 2014ല്‍ 86,000 പേരാണ് അധികമായെത്തിയതെന്ന് മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ശാറിനെ ഉദ്ധരിച്ച് അറബിക്ക് പത്രമായ അര്‍റായ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ വന്‍ പദ്ധതികള്‍ ചെയ്യാനായി എത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് കൂടുതലായി രേഖപ്പെടുത്തപ്പെടുന്നത്. പുതുതായി ഖത്തറിലെത്തുന്ന മുഴുവന്‍ പേരേയും എച്ച് ഐ വി/ എയ്ഡ്‌സ്, ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ രോഗങ്ങളുടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയവരില്‍ 5452 പേരില്‍ വിവിധ രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തിയതിനാല്‍ അനുയോജ്യരല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ ഭൂരിപക്ഷവും ശ്വാസകോശത്തിന് ക്ഷയം ബാധിച്ചവരായിരുന്നു. 3587 പേരിലാണ് ഈ രോഗം കണ്ടെത്തിയത്. 1194 പേരില്‍ എക്‌സ്- റേയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയുണ്ടായി. എച്ച് ഐ വി/ എയ്ഡ്‌സ് ബാധിച്ച 178 പേര്‍, ഹെപ്പറ്റൈറ്റസ് ബി 380, ഹെപ്പറ്റൈറ്റസ് സി 89, എന്‍ലാര്‍ജഡ് ഹാര്‍ട്ട് 10 എന്നിങ്ങനെയാണ് മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍.
കഴിഞ്ഞ വര്‍ഷം എബോളയോ മെര്‍സോ കണ്ടെത്തിയിട്ടില്ല. അസുഖ ബാധിതരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പേരേയും ഉടന്‍ ഹമദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ കൂടുതല്‍ പരിശോധനകള്‍ നടത്തിയതായും ഡോ. ഇബ്രാഹിം അല്‍ ശാര്‍ പറഞ്ഞു.
ശ്വാസകോശത്തിന് ക്ഷയരോഗം ബാധിച്ചവരെ കണ്ടെത്തിയ ഉടന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്കുകയും ചെയ്തിട്ടുണ്ട്. ചികിത്സ ആരംഭിച്ചതിന് ശേഷം മാത്രമാണ് രോഗം കണ്ടെത്തിയവരെ തിരികെ അയച്ചത്. രോഗി ഖത്തറില്‍ തുടരുവോളം രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും രോഗിയുടെ ആരോഗ്യനില നിലനിര്‍ത്താനുമാണ് ചികിത്സ നല്കുന്നതെന്നും ഡോ. അല്‍ ശാര്‍ പറഞ്ഞു.
രോഗം കണ്ടെത്തിയവരുടെ അവസ്ഥ മോശമല്ലെന്ന് കണ്ടെത്തിയ ഉടന്‍ അവരെ മടക്കി അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതിദിനം 3100 പേരാണ് മെഡിക്കല്‍ കമ്മീഷനിലെത്തുന്നത്. ദിവസവും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ 13 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കമ്മീഷനില്‍ 410 അംഗ മെഡിക്കല്‍ സംഘമാണ് ജോലി ചെയ്യുന്നത്.
ഖത്തര്‍ റെഡ് ക്രസന്റുമായി ചേര്‍ന്ന് മിസൈമീറില്‍ പ്രതിദിനം 500 പേരെ പരിശോധിക്കാവുന്ന മെഡിക്കല്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ വര്‍ഷം പുതിയ ശാഖ ആരംഭിച്ചിരുന്നുവെങ്കിലും അബൂഹമൂറിലെ പ്രധാന മെഡിക്കല്‍ സെന്ററില്‍ പരിശോധിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് അല്‍ ശാര്‍ പറഞ്ഞു. ഇതുകൂടാതെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ വെള്ളക്കോളര്‍ ജോലിക്കാര്‍ക്കും ഖത്തരികള്‍ക്കും മറ്റു ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കുമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ശക്തമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പുതുതായി റിക്രൂട്ട്‌മെന്റ് ചെയ്യപ്പെടുന്ന ജോലിക്കാരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ യാതൊരുവിധത്തിലുള്ള താമസവും വരുത്തുന്നില്ലെന്നും അല്‍ ശാര്‍ ചൂണ്ടിക്കാട്ടി. ചില കുടുംബങ്ങള്‍ വീട്ടുജോലിക്കാരെ നിര്‍ത്തുമ്പോള്‍ ഒന്നോ രണ്ടോ മാസം അവരുടെ ജോലി നിരീക്ഷിച്ചതിന് ശേഷമാണ് മെഡിക്കല്‍ ചെക്കപ്പിന് അയക്കാറുള്ളത്. വീട്ടുജോലിക്കാരിക്ക് എന്തെങ്കിലും പകരുന്ന അസുഖമുണ്ടെങ്കില്‍ മെഡിക്കല്‍ പരിശോധന ദീര്‍ഘിപ്പിക്കുന്നത് ഇത്തരം കുടുംബങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളികളില്‍ ചിലര്‍ മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെടണമെന്ന് മെഡിക്കല്‍ കമ്മീഷന് യാതൊരു താത്പര്യവുമില്ല. എന്നാല്‍ പരാജയപ്പെട്ട ഫലം കാണുമ്പോള്‍ സ്‌പോണ്‍സര്‍മാരില്‍ ചിലര്‍ കോപാകുലരാകാറുണ്ടെന്നും എന്നാല്‍ സമൂഹത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.