ഖത്തര്‍ 2022 ലോകകപ്പ്‌ : നവംബര്‍ 21ന്‌ കിക്കോഫ്‌

quar jദോഹ: ഖത്തര്‍ 2022 ലോകകപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. 2022 നവംബര്‍ 21നാണ് കിക്കോഫ്.  ഫൈനല്‍ ഡിസംബര്‍ 18ന് നടക്കും. 28 ദിവസം നീണ്ടുനില്‍ക്കുന്ന ക്രമത്തിലാണ് ഫിഫ തിയ്യതി പ്രഖ്യാപിച്ചത്. ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും.
ഖത്തറിന്റെ ദേശീയദിനത്തിലാണ് ഫൈനല്‍ എന്നത് ഡിസംബര്‍ 18ലെ ആഘോഷ രാവിന്റെ മാറ്റുകൂട്ടും.
കഴിഞ്ഞ ദിവസമാണ് 2022 ലോകകപ്പിന്റെ മത്സരക്രമത്തിന്റെ കാര്യത്തില്‍ ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമതീരുമാനമെടുത്തത്. യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചായിരിക്കും 2022ലെ ലോകകപ്പ് നടത്തുക. 2019 മുതല്‍ 2024 വരെയുള്ള രാജ്യാന്തര മത്സര കലണ്ടര്‍ പരിശോധിച്ച ശേഷമാണ് തിയ്യതിയില്‍ തീരുമാനമായത്.
ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും കളിക്കാരെ നവംബര്‍ 14ന് മുമ്പ് അവരവരുടെ രാജ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബന്ധപ്പെട്ട ക്ലബ്ബുകള്‍ തയ്യാറാകണമെന്ന് ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. 2022 ഒക്ടോബറില്‍ കോണ്ടിനെന്റല്‍ ചാംപ്യന്‍ഷിപ്പുകള്‍ക്കോ സൗഹൃദ മത്സരങ്ങള്‍ക്കോ തിയ്യതി നിശ്ചയിക്കരുതെന്നും ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. ലോകകപ്പ് ഫൈനലിന് പിന്നാലെ ഡിസംബര്‍ 26 യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കും. ഈ ക്രമത്തിലാണ് പ്രാഥമിക ഷെഡ്യൂള്‍ പുറത്തുവന്നത്. സാധാരണയേക്കാള്‍ ഏറ്റവും നീളം കുറഞ്ഞ ലോകകപ്പ് കൂടിയാകും ഖത്തര്‍ ലോകകപ്പ്.
2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടത്താന്‍ മാര്‍ച്ചില്‍ സൂറിച്ചില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച ടാസ്‌ക്‌ഫോഴ്‌സിന്റെ ശിപാര്‍ശ ഫിഫ അംഗീകരിക്കുകയായിരുന്നു. അസാധാരണവും ചരിത്രപരവുമായ തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍. ദേശീയ ദിനത്തില്‍ ഫൈനല്‍ നടക്കുന്നത് ഖത്തറിനെ സംബന്ധിച്ചിടത്തോളം  ഇരട്ടിമധുരമാണ്.
ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ശൈത്യകാലത്ത് ലോകകപ്പ് നടക്കുന്നത്. നാലുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത്. ഫിഫ ടാസ്‌ക്‌ഫോഴ്‌സിന്റെ  ശിപാര്‍ശയ്ക്ക് ആറു ഫുട്ബാള്‍ കോണ്‍ഫഡറേഷനുകളുടെയും പിന്തുണയുണ്ടായിരുന്നു.
സാധാരണഗതിയില്‍ ജൂണ്‍- ജൂലായ്  മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്.
അതില്‍ നിന്നും വ്യത്യസ്തമായി ഖത്തറിലെ കാലാവസ്ഥ കണക്കിലെടുത്താണ് ലോകകപ്പ് വര്‍ഷാവസാനത്തേക്ക് മാറ്റാന്‍ ഫിഫ തീരുമാനിച്ചിരിക്കുന്നത്. ഏതു സാഹചര്യത്തിലും മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധമാണെന്നാണ് ഇക്കാര്യത്തില്‍ ഖത്തര്‍ നിലപാട്. 2022ലെ എല്ലാ സാഹചര്യങ്ങളും ആഴത്തില്‍ പരിശോധിച്ച ശേഷമാണ് ഫിഫയുടെ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.