ഖത്തര്‍ ലോകകപ്പിനെ കുറിച്ച്‌ ആശങ്ക വേണ്ട: സ്റ്റേഡിയങ്ങള്‍ തണുപ്പിക്കും

Qutarദോഹ: ഖത്തര്‍ 2022 ലോകകപ്പിനെതിരെ വ്യക്തമായ മുന്‍വിധിയോടെയുള്ള പ്രചരണങ്ങളാണ് നടക്കുന്നതെന്ന് 2022 സംഘാടക സമിതി തലവന്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. മൈക്കല്‍ ഗാര്‍സിയയുടെ കീഴിലുള്ള ഫിഫ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തിയ ലോകകപ്പ് വേദി ഖത്തറിന്റേത് മാത്രമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും ഖത്തറിന് നേരെ മാത്രമാണ് ആരോപണമുന്നയിക്കുന്നവര്‍ വിരല്‍ ചൂണ്ടാന്‍ തയ്യാറാകുന്നത്. 2018ല്‍ ലോകകപ്പ് നടക്കുന്ന റഷ്യയെ കുറിച്ചോ ബിഡില്‍ പരാജയപ്പെട്ട മറ്റു രാജ്യങ്ങളെ കുറിച്ചോ ആരോപണമുന്നയിക്കുന്നവര്‍ മിണ്ടുന്നില്ല.
ഖത്തറിനെതിരെ ചിലര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് താന്‍ പറയുന്നില്ലെന്നും എന്നാല്‍ വ്യക്തമായ പ്രചാരണം നടക്കുന്നുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ജസീറയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മൈക്കല്‍ ഗാര്‍സ്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഖത്തറിനെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018, 2022 വര്‍ഷങ്ങളില്‍ ലോകകപ്പ് നടക്കാനായി ബിഡ് സമര്‍പ്പിച്ച എല്ലാ രാജ്യങ്ങള്‍ക്കെതിരേയും അന്വേഷണം നടന്നിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കന്‍ അഭിഭാഷകനായ മൈക്കല്‍ ഗാര്‍സ്യ അയഥാര്‍ഥ്യമായ 430 പേജ് റിപ്പോര്‍ട്ട് നവംബറില്‍ പുറത്തിറക്കിയ ശേഷം ജോലി ഒഴിവാക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ഖത്തറിനും റഷ്യയ്ക്കും നേരിട്ട് ബാധിക്കുന്നതാണ്.
രാജ്യത്തെ കാലാവസ്ഥയെ കുറിച്ചാണ് പറയുന്നതെങ്കില്‍ ഏത് കാലാവസ്ഥയിലും ടൂര്‍ണമെന്റ് നടത്താന് ഖത്തര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കളി നടക്കുന്ന സ്റ്റേഡിയങ്ങള്‍ തണുപ്പിക്കാനുള്ള സാങ്കേതികത ഖത്തര്‍ വികസിപ്പിക്കുന്നതിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പിന്റെ തിയ്യതി നിശ്ചയിക്കാനായി ഖത്തരി ഒഫിഷ്യലുകള്‍ ഈ മാസം അവസാനത്തോടെ ഫിഫ ലോകകപ്പ് സംഘാടകരുമായി ഖത്തറില്‍ കൂടിക്കാഴ്ച നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു