ഖത്തറില്‍ മുല്യവര്‍ദ്ധിതനികുതി (വാറ്റ്‌) ഈടാക്കാനൊരുങ്ങുന്നു

qutar newsദോഹ: ഖത്തര്‍ ഉള്‍പ്പടെയുള്ള ജി സി സി രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) സംവിധാനം മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പായേക്കും. വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്  ചട്ടക്കൂട് തയ്യാറാക്കുന്ന കാര്യത്തില്‍ ജി സി സി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ജി സി സിയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വാറ്റ് സംവിധാനം പ്രാബല്യത്തില്‍ വന്നേക്കുമെന്ന് പ്രമുഖ മള്‍ട്ടിനാഷണല്‍ പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ  ഏണസ്റ്റ് ആന്റ് യംഗ് റിപ്പോര്‍ട്ട് ചെയ്തു.

വാറ്റ് സംവിധാനം നടപ്പാക്കുന്ന ആദ്യവര്‍ഷങ്ങളില്‍ ചെറിയ തോതിലായിരിക്കും നികുതി ഈടാക്കുക. എന്നാല്‍ തുടര്‍ന്നങ്ങോട്ട് നികുതിത്തുക വര്‍ധിപ്പിക്കും. സര്‍ക്കാരുകളുടെ വരുമാനത്തില്‍ വലിയതോതിലുള്ള വര്‍ധനവിന് കാരണമാകുമെന്നാണ് കരുതുന്നത്. ജി സി സി, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്‍പ്പടെ സാമ്പത്തിക, സാമൂഹിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും സര്‍ക്കാരുകള്‍ നികുതി സംവിധാനം പരിഷ്‌കരിക്കണമെന്നാണ് ഏണസ്റ്റ് ആന്റ് യംഗിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഏര്‍പ്പെടുത്താനാണ് ആലോചന.

വില്‍പ്പന നികുതിയുടെ മറ്റൊരു മാതൃകയാണ് വാറ്റ്.  ഉത്പന്ന, സേവന നികുതിയെന്ന നിലയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജി സി സി രാജ്യങ്ങള്‍ പരിശോധിച്ചുവരുന്നു.  വാറ്റ് നടപ്പാക്കുന്നതിനെക്കുറിച്ച് 2007 മുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അംഗരാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ അഭിപ്രായ രൂപീകരണവും സമന്വയവും ഉണ്ടാവാതിരുന്നതിനെത്തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. എണ്ണ വിലയിലെ ഇടിവ് ഉള്‍പ്പടെയുള്ള പുതിയ സാഹചര്യത്തിലാണ്  വാറ്റ് ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിശോധിക്കുന്നത്. എണ്ണ വില ഇടിഞ്ഞതോടെ പല ജി സി സി രാജ്യങ്ങളും റെക്കോര്‍ഡ് ബജറ്റ്കമ്മി നേരിടുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ കഴിയില്ല.  ചെലവുകള്‍ കുറയ്ക്കുന്നത്  വികസന, ജനക്ഷേമ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എണ്ണവിലയിലെ ഇടിവ് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.  ഈ സാഹചര്യത്തിലാണു വാറ്റ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നത്. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി (വാറ്റ്) സംവിധാനം നടപ്പാക്കാന്‍ ഖത്തര്‍ തയ്യാറാകണമെന്ന് രാജ്യാന്തര നാണയനിധി (ഐ എം എഫ്) നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. വാറ്റ് നടപ്പാക്കുന്നത് ഉള്‍പ്പടെ നികുതി സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ രാജ്യത്തിന്റെ ഊര്‍ജേതര വരുമാനം ശക്തിപ്പെടുത്താനാകുമെന്നും ഐ എം എഫ് ചൂണ്ടിക്കാട്ടുന്നു.സബ്‌സിഡികള് ‍ വെട്ടിച്ചുരുക്കണമെന്നും പൊതുസേവകരുടെ വേതനം നിയന്ത്രിക്കണമെന്നും ഐ എം എഫ് ഖത്തറിനോട് ആവശ്യപ്പെടുന്നു.