ഖത്തറുകാര്‍ കുറച്ചു കാലകത്തേക്ക്‌ അയ്‌ക്കൂറ കഴിക്കേണ്ട!!!

ദോഹ: നെയ്മീന്‍ (അയക്കൂറ) ഇനത്തില്‍പ്പെട്ട കന്‍ആദ് മീനിനെ പിടിക്കുന്നതിന് രണ്ടുമാസത്തേക്ക് വിലക്കേര്‍പ്പെടുത്തി. ആഗസ്ത് 15 മുതലാണ് കന്‍ആദ് മീനിനെ ഖത്തര്‍ കടലില്‍ നിന്നും പിടികൂടുന്നത് പരിസ്ഥിതി മന്ത്രാലയം വിലക്കിയത്. കന്‍ആദ് മീനിന്റെ പ്രജനനകാലമായതിനാലാണ് വിലക്ക്.

ഖത്തറിന്റെ കടല്‍ സമ്പത്ത് സംരക്ഷിക്കാനും ജി സി സി അഗ്രികള്‍ച്ചറല്‍ കമ്മിറ്റിയുടെ യോജിച്ച തീരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് മീന്‍പിടുത്ത നിരോധനം ഏര്‍പ്പെടുത്തുന്നത്. ഒക്‌ടോബര്‍ 15 വരെയാണ് താത്ക്കാലിക മീന്‍ പിടുത്ത നിരോധനം നിലനില്‍ക്കുക. നിരോധിത കാലഘട്ടത്തില്‍ കന്‍ആദിനെ പിടിക്കാനോ കൊണ്ടുപോകാനോ വില്‍ക്കാനോ പാടില്ല. കന്‍ആദ് വിഭാഗത്തില്‍പ്പെട്ട മീനുകളെ പിടികൂടുന്ന ‘ഹലാഖ്’ എന്ന തരത്തിലുള്ള വല ഈ സമയത്ത് വില്‍ക്കുന്നതിനും നിരോധനം ബാധകമാണ്. ഗവേഷണത്തിനുള്ള ലൈസന്‍സുള്ള വ്യക്തികള്‍ക്ക് നിരോധനം ബാധകമല്ല.

നിരോധനം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആഗസ്ത് 15 മുതല്‍ തീരരക്ഷാ സേനയുടെ സഹായത്തോടെ പ്രത്യേക വിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ മീന്‍പിടുത്തക്കാരില്‍ പരിശോധന നടത്തും. മീന്‍പിടുത്തക്കാരുടെ ബോട്ടുകളും വലകളും ഇവര്‍ പരിശോധിക്കും.