’25 ഫ്രെയിംസ്’ ഖത്തര്‍ ഷോട്ട് ഫിലിം മേള; കൈന്റ്‌നസ്’ മികച്ച ചിത്രം

Award

 

ഉസ്മാന്‍ മാരാത്ത് മികച്ച സംവിധായകന്‍; റഫീഖ് റഷീദ് മികച്ച ഛായാഗ്രാഹകന്‍

ദോഹ: :ഖത്തറിലെ ദൃശ്യാവിഷ്‌കാര കൂട്ടായ്മയായ ‘ഖത്തര്‍ കനവുകള്‍’ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ‘സാസ്‌കോ’യുമായി സഹകരിച്ചു നടത്തിയ രണ്ടാമത് ഹൃസ്വ ചലച്ചിത്ര മത്സരം ’25 ഫ്രെയിംസി’ലെ വിജയികളെ പ്രഖ്യാപിച്ചു.  

സി കെ മന്‍സൂര്‍ സംവിധാനം ചെയ്ത ‘കൈന്റ്‌നസ്’ ആണ് മികച്ച ചിത്രം.  
മികച്ച രണ്ടാമത്തെ ചിത്രമായി ഉസ്മാന്‍ മാരാത്ത് സംവിധാനം ചെയ്ത ‘ടീ ബോയി’യും മികച്ച മൂന്നാമത്തെ ചിത്രമായി മോബിന്‍ ജേക്കബ് സംവിധാനം
ചെയ്ത ‘ടേക്ക് കെയറും’ തെരഞ്ഞെടുക്കപ്പെട്ടു. ടീ ബോയ് സംവിധാനം ചെയ്ത ഉസ്മാന്‍ മാരാത്ത് മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ടീ ബോയിയിലെ അഭിനയത്തിന് മികച്ച നടനായി ഇബ്രാഹിം സിദ്ദിക്കും ‘ഗമന’ത്തിലെ അഭിനയത്തിന് മികച്ച നടിയായി ഷീജ ഉണ്ണിക്കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.  ടീ ബോയ്,  ലവ് അണ്‍ഫോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച റഫീക്ക് റഷീദ് ആണ് മികച്ച ക്യാമറമാന്‍. സ്‌നേഹ സ്പര്‍ശം സംവിധാനം ചെയ്ത ശ്യാമള രമേശ് വനിതാ സംവിധായികക്കുള്ള പ്രത്യേക അവാര്‍ഡിന് അര്‍ഹയായി. 
‘ലവ് ആന്‍ഡ് കെയര്‍’ എന്ന വിഷയത്തില്‍ മത്സരത്തിലേക്ക്  ലഭിച്ച 21 ചിത്രങ്ങളില്‍ നിന്നും 16 ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. ഖത്തറിലെ നിരവധി കഴിവുള്ള കലാകാരന്മാരെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ ഈ മത്സരത്തിനു കഴിഞ്ഞുവെന്നും അതുവഴി ഖത്തറിലെ ഹൃസ്വ ചലച്ചിത്ര നിര്‍മാണ മേഖലയില്‍ വളരെ വലിയ ചലനം ഉണ്ടാക്കുവാന്‍ മത്സരത്തിലൂടെ കഴിഞ്ഞുവെന്നും  സംഘാടകര്‍ അഭിപ്രായപ്പെട്ടു. 
സാങ്കേതികതയിലും അഭിനയത്തിലും കുട്ടികളുടെ കഴിവ് വളരെ പ്രകടമായ മത്സരമായിരുന്നു ഇത്തവണത്തേത്. 
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫയാസ് അബ്ദുല്‍സലാം സംവിധാനം ചെയ്ത ‘എ കോംപാസ് ടെയില്‍’ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരമായി ദേവിക മനോജ് (ടേക്ക് കെയര്‍), താസിം സുബൈര്‍ (വാല്യൂ), മുഹമ്മദ് സഫ്‌വാന്‍, (എ കോംപാസ് ടെയില്‍) (സ്‌കൂള്‍ വിഭാഗം) എന്നിവര്‍ അര്‍ഹരായി.  
മികച്ച മൂന്നു ചിത്രങ്ങള്‍ക്ക് യഥാക്രമം 5000 റിയാല്‍, 3000 റിയാല്‍, 2000 റിയാല്‍ എന്നിങ്ങനെ സമ്മാനത്തുകയും പ്രശസ്തി പത്രവും ശില്പവും  നല്കും. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ചിത്രങ്ങള്‍ക്കും പ്രശസ്തി പത്രവും ശില്പവും നല്കും. 
പ്രശസ്ത സിനിമാ സംവിധായകാന്‍ ഫാസില്‍ ചീഫ് ജൂറി ആയ പാനല്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്.  
അടുത്ത മാസം ആദ്യവാരം ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാന വിതരണം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.