ഖത്തറില്‍ പൊടിക്കാറ്റും തണുപ്പും കൂടുന്നു:ശ്വാസകോശരോഗങ്ങള്‍ക്ക്‌ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌

doha malabarinews 1ദോഹ: ഇന്നലെയും ശക്തമായ പൊടിക്കാറ്റ് തുടര്‍ന്നു. ഇതോടെ താപനിലയിലും വലിയ തോതിലുള്ള വ്യത്യാസമുണ്ടായി. താപനില ആറ് ഡിഗ്രിയിലേറെ താഴ്ന്നു. ഇന്നലെ പകല്‍ സമയങ്ങളില്‍ പോലും നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. ബുധനാഴ്ചയോടെ കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച ആറ് മുതല്‍ 10 ഡിഗ്രി വരെ താപനില കുറയും.

പൊടി നിറഞ്ഞ അന്തരീക്ഷം ശ്വാസകോശ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് റെക്കോഡ് ചെയ്ത സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനവും പൊടി നിറഞ്ഞ അന്തരീക്ഷവും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നേരത്തേ ഇതേരീതിയില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടായപ്പോള്‍ നിരവധി പേര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ ഘട്ടത്തില്‍ നിരവധി പേരാണ് ഡോക്ടര്‍മാരുടെ സേവനം തേടിയത്.