ടി ജെ. ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം

jOSEPHതൊടുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രൊഫ.ടി ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. ജോസഫിനെ തിരിച്ചെടുത്തത് കുറ്റമുക്തനായതുകൊണ്ടല്ലെന്നും മാനുഷിക പരിഗണവെച്ചാണെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.

സഭയ്‌ക്കെതിരായ ആരോപണങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും രൂപത വിശദീകരിക്കുന്നു. ടി ജെ ജോസഫിനെ സര്‍വ്വീസില്‍ നിന്ന് നീക്കിയ നടപടിയും ജീവിതത്തിലുണ്ടായ ദുര്യോഗങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുകയും രൂപതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുകയും ചെയ്ത സാഹചര്യത്തിലാണ് രൂപതയുടെ വിശദീകരണം.

ചോദ്യപേപ്പര്‍ വിവാദത്തിന്റെ ഉത്തരവാദിത്വം ടിജെ ജോസഫിനാണെന്നും സഭ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല ജോസഫിനെ തിരിച്ചെടുത്തതെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഏതെങ്കിലും മതവിഭാഗത്തോട് വിവേചനം പുലര്‍ത്തുന്ന സമീപനം സഭ സ്ഥാപനത്തില്‍ നിന്ന് ഉണ്ടായി എന്ന ആരോപണം വളരെ വേദനയുണ്ടാക്കി.

കോളേജിലെ 60 ശതമാനത്തിലധികം വരുന്ന ക്രൈസ്തവേതര വിഭാഗങ്ങളായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതത്വ ബോധവും ആത്മാഭിമാനവും പകര്‍ന്നു നല്‍കാന്‍ മാനേജ്‌മെന്റ് ബാധ്യസ്ഥമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ നടപടിയുടെ ഭാഗമായാണ് ജോസഫിനെ പിരിച്ചുവിട്ടതെന്നും ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട പ്രൊഫ.ടി ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.