ഖത്തര്‍ അന്തര്‍ ജില്ല ഫുട്‌ബോള്‍: ഇന്ന്‌ മാക്‌ കോഴിക്കോട്‌ കെഎംസിസി മലപ്പുറവുമായി ഏറ്റുമുട്ടും

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിക്കുന്ന വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള ഒന്‍പതാമത് അന്തര്‍ ജില്ല ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ദോഹ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് എട്ടു മണിക്ക് നടക്കുന്ന ആദ്യ സെമിയില്‍ മാക് കോഴിക്കോട് കെ എം സി സി മലപ്പുറത്തെ നേരിടും.
രണ്ടാം സെമി ഫൈനലില്‍ നാളെ വൈകിട്ട് എട്ടരയ്ക്ക് മംവാഖ് മലപ്പുറം ടി വൈ സി തൃശൂരുമായി ഏറ്റുമുട്ടും. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ത്രസിപ്പിക്കുന്ന നീക്കങ്ങളുമായി മത്സരങ്ങളിലുടനീളം നിറഞ്ഞു നിന്ന കെ എം സി സി മലപ്പുറവും മാക് കോഴിക്കോടും കാണികളുടെ ഇഷ്ടടീമുകളാണ്.
നവംബര്‍ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തിലേക്കുള്ള ടിക്കറ്റ് ആര്‍ക്കാണെന്ന് ഉറപ്പാക്കുന്ന മത്സരത്തിന് മുന്നോടിയായി വന്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇരുകൂട്ടരും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്.
പരിശീലന മത്സരങ്ങള്‍ സംഘടിപ്പിച്ച് കളിക്കാരുടെ ശാരീരിക ക്ഷമതയും ഗ്രൗണ്ടിലെ തന്ത്രങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ടീം മാനേജ്‌മെന്റ്അറിയിച്ചു. കെ എം സി സി കാസര്‍ഗോഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കെ എം സി സി മലപ്പുറം സെമിഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. മറുഭാഗത്ത് മാക് കോഴിക്കോട് കെ എം സി സി കോഴിക്കോടിനെ മറികടന്നാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
ഫൈനല്‍ മത്സരം 20ന് വൈകിട്ട് ഏഴുമണിക്ക് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് നടക്കുകയെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.