ഇന്ത്യന്‍ രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക്‌ ഉയര്‍ന്നു; ഉപയോഗപ്പെടുത്താനാവാതെ പ്രവാസികള്‍

Untitled-1 copyദോഹ: ഖത്തര്‌ റിയാലിന്റെ ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക്‌ അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒരു ഖത്തര്‍ റിയാലിന്‌ 18 രൂപ 72 പൈസക്കാണ്‌ ഇന്ന്‌ വിനിമയം നടന്നത്‌. എന്നാല്‍ വിനിമയ നിരക്ക്‌ ഉയര്‍ന്ന നിരക്കിലെത്തിയിട്ടും പണമിടപാട്‌ സ്ഥാപനങ്ങളില്‍ അത്‌ കാണാന്‍ കഴിയാത്ത അവസ്ഥായാണുള്ളത്‌. പണമിടപാട്‌ സ്ഥാപനങ്ങളില്‍ നിരക്ക്‌ കൂടിയിട്ടില്ല. ഡോളര്‍ നിരക്ക്‌ ശക്തിപ്പെട്ടതിനെ തുടര്‍ന്ന്‌ കഴിഞ്ഞ കുറെ ആഴ്‌ചകളായി ഇന്ത്യന്‍ രൂപയുടെ മൂല്യം 18 രൂപയ്‌ക്ക്‌ മുകളില്‍ തുടരുകയായിരുന്നു.

മാസത്തിന്റെ ആദ്യ പകുതിയായതുകൊണ്ടുതന്നെ മാസ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്‌ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവത്ത അവസ്ഥയാണ്‌ ഇപ്പോള്‍. രൂപയുടെ മൂല്യം ഉയര്‍ന്നെങ്കിലും തൊഴില്‍ മേഖലയില്‍ അടുത്ത കാലത്തായി രൂപപ്പെട്ട അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക്‌ കുറയുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ജനുവരി അവസാനവാരം മുതല്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്‌ 18 രൂപ അമ്പത്‌ പൈസക്ക്‌ മുകളിലായിരുന്നു. റിയാലുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഏറ്റവും വലിയ ഇടിവുണ്ടായത്‌ ഇതിനു മുമ്പ്‌ 2013 സെപ്‌തംബറിലായിരുന്നു. റിയാലിന്‌ 18 രൂപ 80 പൈസയാണ്‌ അന്നു ലഭിച്ചത്‌. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തില്‍ 40 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. 2010 സെപ്‌തംബര്‍ മധ്യത്തില്‍ ഒരു റിയാലിന്‌ 12 രൂപ അഞ്ചു പൈസ ഉണ്ടായിരുന്നത്‌ പല ഘട്ടങ്ങളിലായി ഉയര്‍ന്ന്‌ ഇപ്പോള്‍ 18 രൂപ 72 പൈസയില്‍ എത്തി നില്‍കുകയാണ്‌.